ജോസഫ് മാർത്തോമ പൂർണ ആരോഗ്യവാൻ
Monday, July 6, 2020 8:30 PM IST
ഡാളസ്: മലങ്കര മാർത്തോമ സഭാ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ പൂർണ ആരോഗ്യവാനാണെന്നും തിരുവല്ലാ പൂലാത്തിനിൽ വിശ്രമിക്കുകയാണെന്നും അദ്ദേഹവുമായി നേരിട്ടു ഫോണിൽ ബന്ധപ്പെട്ട അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ പി.പി. ചെറിയാൻ അറിയിച്ചു.

ഡാളസ് സമയം ജൂലൈ 5 നു രാത്രി 10.30 (ഇന്ത്യൻ സമയം 6 ന് രാവിലെ 9) നാണ് ചെറിയാൻ മെത്രാപോലീത്തായുമായി സംസാരിച്ചത്. അദ്ദേഹത്തിന്‍റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് മാധ്യമങ്ങളിൽ പ്രചരിച്ച വാർത്തകളുടെ നിജസ്ഥിതി അറിയുന്നതിനാണ് നേരിട്ടു ബന്ധപ്പെട്ടത്.

ജൂൺ 5നു തിരുവല്ലാ പൂലാത്തിനിൽ രാവിലെ വിശുദ്ധ കുർബാന അനുഷ്ഠിക്കുന്നതിനിടെ അവസാന ഭാഗം പൂർത്തിയാക്കുന്നതിനു മുമ്പ് അൽപം ക്ഷീണം അനുഭവപ്പെട്ടുവെന്നും എന്നാൽ അഞ്ചു മിനിട്ട് നേരത്തെ വിശ്രമത്തിനുശേഷം ആരോഗ്യം വീണ്ടെടുത്തു കുർബാന പൂർത്തീകരിച്ചാണ് മദ്ബഹ വിട്ടതെന്നും മെത്രാപോലീത്ത പറഞ്ഞു.രാവിലെ ലഘുഭക്ഷണം കഴിക്കാതിരുന്നതാണ് ക്ഷീണം അനുഭവപ്പെടുവാനിടയായതെന്നും മെത്രാപോലീത്താ കൂട്ടിചേർത്തു.

കാര്യങ്ങൾ വിശദീകരിക്കുന്നതിനും സംഭാഷണത്തിന്‍റെ ചടുലത കാത്തുസൂക്ഷിക്കുന്നതിനും മെത്രാപോലീത്തായ്ക്ക് കഴിഞ്ഞിരുന്നുവെന്നതു തന്നെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടത് തികച്ചും വാസ്തവ വിരുദ്ധമാണെന്നതിനു തെളിവായിരുന്നു. മാർത്തോമ സഭക്കു തുടർന്നും നേതൃത്വം നൽകുന്നതിനാവശ്യമായ ആരോഗ്യവും ദീർഘായുസും മെത്രാപോലീത്തായ്ക്ക് ലഭിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

റിപ്പോർട്ട്: ജീമോൻ റാന്നി