ബ്രസീലില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം വിലക്കി
Thursday, May 28, 2020 2:05 AM IST
വാഷിംഗ്ടണ്‍: ബ്രസീലില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം വിലക്കി പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിറക്കി. കഴിഞ്ഞ 14 ദിവസത്തിനിടയില്‍ ബ്രസീലില്‍ ഉണ്ടായിരുന്ന അമേരിക്കക്കാരല്ലാത്ത എല്ലാവര്‍ക്കും അമേരിക്കയിലേക്കുള്ള പ്രവേശനം വിലക്കിയതായി വൈറ്റ് ഹൗസ് അറിയിച്ചു.

വിദേശികളില്‍ നിന്ന് കൂടുതല്‍ വൈറസ് ബാധ ഉണ്ടാവാതിരിക്കാനാണ് പുതിയ നിയന്ത്രണമെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലി മക്ഇനാനി പറഞ്ഞത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര ബന്ധത്തെ വിലക്ക് ഒരുതരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് താല്‍ക്കലികമാണെന്നും ഏതെങ്കിലും ഒരുഘട്ടത്തില്‍ പിന്‍വലിക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവായ റോബര്‍ട്ട് ഓബ്രിയന്‍ പറഞ്ഞു.


"ഇതൊക്കെ താല്ക്കാലികമാണ് എന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അമേരിക്കന്‍ ജനതയുടെ സുരക്ഷയ്ക്കുവേണ്ടിയാണ് ബ്രസീലിലെ സാഹചര്യം കണക്കിലെടുത്ത ശേഷം ഇത്തരമൊരു തീരുമാനം എടുത്തത്,” അദ്ദേഹം പറഞ്ഞു.

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ബ്രസീലില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 365,213 കോവിഡ് കേസുകളും 22,746 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.149,911 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. അതേസമയം, അമേരിക്കയില്‍ 1,686,436 കോവിഡ് കേസുകളും 99,300 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ