ജീവൻ നഷ്ടപ്പെട്ട ഫ്രണ്ട് ലൈൻ വർക്കേഴ്സിന്‍റെ കുടുംബാംഗങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകും: ന്യൂയോർക്ക് ഗവർണർ
Tuesday, May 26, 2020 3:00 PM IST
ന്യൂയോർക്ക്: കൊറോണ വൈറസിന്‍റെ വ്യാപനം പ്രതിരോധിക്കുന്നതിനിടയിൽ കോവിഡ് രോഗ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടയിൽ ജീവൻ ബലിയർപ്പിക്കേണ്ടി വന്ന ഫ്രണ്ട് ലൈൻ വർക്കേഴ്സ്, (പബ്ലിക് ഹെൽത്ത് വർക്കേഴ്സ്, പോലീസ്, ഫയർ ഫൈറ്റേഴ്സ്, ട്രാൻസിറ്റ് വർക്കേഴ്സ്, മെഡിക്കോസ്) എന്നിവരുടെ കുടുംബാംഗങ്ങൾക്ക് ഡെത്ത് ബെനഫിറ്റ്സ് നൽകുമെന്ന് ന്യൂയോർക്ക് ഗവർണർ കുമൊ.

മെമ്മോറിയൽ ഡെ ആഘോഷത്തിന്‍റെ ഭാഗമായി ഗവർണർ നടത്തിയ ഡെയ്‌ലി ബ്രീഫിംഗിലാണ് അനുകൂല്യം നൽകുന്ന വിവരം അറിയിച്ചത്. സ്വജീവൻ പോലും തൃണവൽക്കരിച്ചു സഹോദരന്‍റെ ജീവൻ സംരക്ഷിക്കുന്നതിനും രോഗികൾക്ക് ആശ്വാസം പകരുന്നതിനും സേവനം അനുഷ്ഠിക്കുന്നവർക്ക് നന്ദി അറിയിക്കുക മാത്രമല്ല. അവരുടെ കുടുംബാംഗങ്ങൾക്ക് അർഹിക്കുന്ന ആനുകൂല്യങ്ങൾ നൽകേണ്ടത് ആവശ്യമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് ഇത്തരമൊരു തീരുമാനമെന്നും ഗവർണർ പറഞ്ഞു.

ന്യൂയോർക്ക് മേയർ ഡിബ്ലാസിയോ കോവിഡിൽ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് ആനുകൂല്യം നൽകുന്നതിനു നിയമ നിർമാണം നടത്തണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മെമ്മോറിയൽ ഡെയിൽ പാൻഡെമിക്കിൽ ജീവൻ നഷ്ടപ്പെട്ടവരെ ഓർമിക്കേണ്ടത് അനിവാര്യമാണെന്നും മേയർ പറഞ്ഞു.

ഡെത്ത് ബെനഫിറ്റ്സ് നൽകുന്നതിനാവശ്യമായ ഫണ്ട് നൽകുന്നതിന് ഫെഡറൽ ഗവൺമെന്‍റ് തയാറാകണമെന്നാവശ്യപ്പെട്ട ഗവർണർ കുമൊ, സംസ്ഥാനത്ത് മരണ നിരക്ക് തീരെ താഴ്ന്നുവെന്നും മേയ് 24നു 96 പേർ മാത്രമാണ് ഇവിടെ മരിച്ചതെന്നും കൂട്ടിച്ചേർത്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ