ആശ്വാസ ഗാനങ്ങളുമായി ട്രിനിറ്റി ഇന്‍റർനാഷണൽ മീഡിയ
Sunday, May 24, 2020 8:35 PM IST
ന്യൂയോർക്ക്: കോവിഡ് വൈറസ് ബാധയിൽ മാനസികവും ശാരീരികവും ആത്മീയവുമായി ദുരിതമനുഭവിക്കുന്ന ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ആശ്വാസത്തിന്‍റേയും പരിശുദ്ധാത്മ നിറവിന്‍റെയും സാന്ത്വനവും സന്ദേശവും നൽകുന്ന ക്രിസ്തീയ ഗാനങ്ങളുമായി ട്രിനിറ്റി ഇന്‍റർനാഷണൽ മീഡിയ. ഈ നൂറ്റാണ്ടിലെ മഹാവ്യാധിയാൽ ഭയചകിതരായിരിക്കുന്ന മനുഷ്യ സമൂഹത്തെ പ്രപഞ്ച സ്രഷ്ടാവായ പരിശുദ്ധ ദൈവത്തിന്‍റെ കരങ്ങളിൽ സമർപ്പിച്ച് ചിട്ടപ്പെടുത്തിയിരിക്കുന്ന ഗാനം മനസിനു കുളിർമയും കാതുകൾക്ക് ഇമ്പവും നൽകുന്നതാണ്.

വർഷങ്ങളായി അമേരിക്കയിൽ ടെന്നസി സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയ അലക്സ് തോമസ് രചിച്ച് സെനു തോമസ് ഈണം പകർന്ന "പരമോന്നതാ നിൻ തൃക്കൈകളിൽ പൂർണ സമർപ്പണമേകിടുന്നു" എന്ന മനോഹര ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകൻ കെസ്റ്റർ ആണ്.

നൂറിലധികം ക്രിസ്തീയ ഭക്തി ഗാനങ്ങൾ രചിച്ചിട്ടുള്ള അലക്സ് തോമസിന്‍റെ എഴുപതോളം ഗാനങ്ങൾ ആൽബങ്ങളായി പുറത്തിറങ്ങിയിട്ടുണ്ട്. അലക്സ് രചിച്ച ഏതാനും ഗാനങ്ങൾ വിവിധ കൺവൻഷൻ ഗാനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊട്ടാരക്കര സ്കൂളിൽ മ്യൂസിക് അധ്യാപകനായ സെനു തോമസ് മാർത്തോമ സഭയുടെ സംഗീത വിഭാഗമായ ഡിപ്പാർട്ട്മെന്‍റ് ഓഫ് സേക്രട്ട് മൂസിക്കിലൂടെയും മറ്റു പല ആൽബങ്ങളിലൂടെയും അയ്യായിരത്തിലധികം ഗാനങ്ങൾക്ക് ഈണം പകർന്നിട്ടുണ്ട്. "റിഥം ഓഫ് പ്രെയ്സ്" (Rhythm of Praise) എന്ന ഇംഗ്ലീഷ് ആൽബത്തിലും "തൃക്കരം" എന്ന മലയാളം മൂസിക് ആൽബത്തിലും ഇരുവരും ചേർന്ന് ഗാനരചനയും സംഗീത സംവിധാനവും നടത്തിയിട്ടുണ്ട്.

തോമസ് ചെറിയാന്‍റെ (തമ്പി) നേതൃത്വത്തിൽ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രിനിറ്റി ഇന്‍റർനാഷണൽ മീഡിയയാണ് ഈ ഗാനം ജനങ്ങളിലേക്ക് എത്തിക്കുന്നത്. സുവിശേഷ പ്രവർത്തനങ്ങൾക്കും പ്രാർഥനകൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മുൻ തൂക്കം നല്കി ന്യൂയോർക്കിലും കേരളത്തിലെ എല്ലാ ജില്ലകളിലുമായി പ്രവർത്തിക്കുന്ന ട്രിനിറ്റി ഇന്‍റർനാഷണൽ കോവിഡ് വൈറസ് ബാധയിൽ ലോകമെമ്പാടും മാനസിക സമ്മർദ്ദത്തിൽ കഴിയുന്നവരുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും ധൈര്യം പകരുന്നതിനുമാണ് ഈ ഗാന ശൃംഘല സമർപ്പിക്കുന്നതെന്ന് ഡയറക്ടർ തമ്പി പറഞ്ഞു. ട്രിനിറ്റി മീഡിയായുടെ യൂട്യൂബ് ചാനലിലൂടെ ഈ മനോഹര ഗാനങ്ങൾ ഉടൻ തന്നെ ഏവർക്കും ആസ്വദിക്കാവുന്നതാണെന്ന് തമ്പി ന്യൂയോർക്കിൽ പ്രസ്താവിച്ചു.

സംഗീതവും സംഗീതോപകരണങ്ങളും പഠിപ്പിക്കുന്നതിനായി വിദഗ്ധരായ അധ്യാപകരുടെ സഹായത്തോടെ സ്കൂൾ ഓഫ് ആർട്സ് എന്ന സ്ഥാപനവും തമ്പിയുടെ നേതൃത്വത്തിൽ കുറെ വർഷങ്ങളായി ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിച്ചു വരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് നേരിട്ട് ക്ലാസുകൾ നടത്താൻ സാധിക്കാതെ വരുന്നതിനാൽ ഉടൻ തന്നെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നതായി തമ്പി അറിയിച്ചു.

വിവരങ്ങൾക്ക്: അലക്സ് തോമസ് 731-661-9817, തമ്പി 917-224-8665, ജോർജ് പി. സ്കറിയ കേരള 91 94476 99816.

റിപ്പോർട്ട്: മാത്യുക്കുട്ടി ഈശോ