ഹൂസ്റ്റണിൽ മകനെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജ അറസ്റ്റിൽ
Saturday, March 28, 2020 12:17 PM IST
ഷുഗർലാന്‍റ്: നാലു വയസുകാരനായ മകനെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ പ്രതി എന്നു സംശയിക്കുന്ന മാതാവിനെ ഹൂസ്റ്റൺ ഷുഗർലാന്‍റ് പോലീസ് അറസ്റ്റ് ചെയ്തു. മാർച്ച് രണ്ടിനു നടന്ന സംഭവത്തിൽ 36 കാരിയായ റിതിക അഗർവാളിനെ ആശുപത്രിയിൽ മാർച്ച് 27നു അറസ്റ്റ് ചെയ്തതായി ഷുഗർലാന്‍റ് സിറ്റി സ്പോക്മാൻ ഡഗ് അഡോൾഫ് മാധ്യമങ്ങളോടു പറഞ്ഞു.

മാർച്ച് 21നു രാവിലെ 10 നു ലഭിച്ച അടിയന്തര സന്ദേശത്തെ തുടർന്നു ഗാർഡൻസ് ഓഫ് എവലോൺ വെതർ സ്റ്റോൺ സർക്കിൾ 5200 ബ്ളോക്കിലെ വീട്ടിലെത്തിയ മെഡിക്കൽ സർവീസ് അംഗങ്ങൾക്ക് വീട്ടിലെ മുകൾ നിലയിൽ നാലു വയസുകാരൻ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലും മാതാവ് റിതികയെ കൈയിലും കഴുത്തിലും മുറിവേറ്റ നിലയിലും കണ്ടെത്തുകയായിരുന്നു. റിതികയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്നു നടന്ന അന്വേഷണത്തിലാണ് കുട്ടിയെ കൊലപ്പെടുത്തിയശേഷം മാതാവ് സ്വയം ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കുകയായിരുന്നുവെന്ന് കണ്ടെത്തിയത്. ഇവരുടെ മുറിവ് ഗൗരവമുള്ളതല്ലെന്നും പോലീസ് പറഞ്ഞു. പത്തു വയസിനു താഴെയുള്ള കുട്ടിയെ കൊലപ്പെടുത്തിയതിനു റിതികക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ് എടുത്തു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്നതോടെ ഇവരെ ഫോർട്ട് ബെന്‍റ് കൗണ്ടി ജയിലിലടയ്ക്കും.95,000 ഡോളറിന്‍റെ ജാമ്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർക്ക് മാനസിക അസ്വസ്ഥതയുണ്ടോ എന്ന് അന്വേഷിച്ചുവരുന്നതായി അധികൃതർ അറിയിച്ചു. കുടുംബത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

റിപ്പോർട്ട്: പി.പി. ചെറിയാൻ