മ​ല​യാ​ളി പെ​രു​മ​യോ​ടെ ലേ​ബ​ർ പാ​ർ​ട്ടി ദേ​ശീ​യ സ​മ്മേ​ള​നം ലി​വ​ർ​പൂ​ളി​ൽ സ​മാ​പി​ച്ചു
Thursday, September 26, 2024 10:23 AM IST
ലി​വ​ർ​പൂ​ൾ: ബ്രി​ട്ട​നി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ ലേ​ബ​ർ പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ സ​മ്മേ​ള​നം ലി​വ​ർ​പൂ​ളി​ൽ സ​മാ​പി​ച്ചു. 15 വ​ർ​ഷം പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​യാ​യി​രു​ന്ന ലേ​ബ​ർ പാ​ർ​ട്ടി ഈ ​വ​ർ​ഷം ന​ട​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ച് രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണം പിടിച്ചിരുന്നു.

പ്ര​ധാ​ന​മ​ന്ത്രി​യും പാ​ർ​ട്ടി ലീ​ഡ​റു​മാ​യ കി​യ​ർ സ്റ്റാ​ർ​മ​ർ, ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ആ​ഞ്ചെ​ല റെ​യ്ന​ർ, ധ​ന​കാ​ര്യ മ​ന്ത്രി റേ​ച്ച​ൽ റീ​വ്സ് തു​ട​ങ്ങി ഭ​ര​ണ​ത്ത​ല​ത്തി​ലും സം​ഘ​ട​നാ ത​ല​ത്തി​ലു​മു​ള്ള വ​ലി​യൊ​രു നേ​തൃ​നി​ര​ത​ന്നെ ലി​വ​ർ​പൂ​ളി​നെ രാ​ജ്യ​ത്തി​ന്‍റെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​ക്കി മാ​റ്റി.

മ​ല​യാ​ള പെ​രു​മ വി​ളി​ച്ച​റി​യി​ച്ചു​കൊ​ണ്ട് പ്ര​ധാ​ന മ​ല​യാ​ളി ലേ​ബ​ർ നേ​താ​ക്ക​ൾ സ​മ്മേ​ള​ന​ത്തി​ൽ സ​ജീ​വ സാ​ന്നി​ധ്യ​ങ്ങ​ൾ ആ​യി​രു​ന്നു. ബ്രി​ട്ടീ​ഷ് പാ​ർ​ല​മെന്‍റിലെ ആ​ദ്യ മ​ല​യാ​ളി എംപി സോ​ജ​ൻ ജോ​സ​ഫ്, ലേ​ബ​ർ പാ​ർ​ട്ടി ദേ​ശീ​യ സ​മി​തി അം​ഗ​വും മു​ൻ ന്യൂഹാം കൗ​ൺ​സി​ല​റു​മാ​യ ജോ​സ് അ​ല​ക്സാ​ണ്ട​ർ,


ബേ​സിം​ഗ്‌​സ്‌​റ്റോ​ക്ക്‌ കൗ​ൺ​സി​ല​ർ സ​ജീ​ഷ് ടോം, ​ന്യൂ​കാ​സ്റ്റി​ൽ കൗ​ൺ​സി​ല​ർ ജൂ​ന സ​ത്യ​ൻ, ന്യൂഹാം മു​ൻ കൗ​ൺ​സി​ല​ർ സു​ഗ​ത​ൻ തെ​ക്കേ​പു​ര, മു​ൻ മേ​യ​റും നി​ല​വി​ലെ ക്രോ​യ്ഡ​ൻ കൗ​ൺ​സി​ല​റു​മാ​യ മ​ഞ്ജു ഷാ​ഹു​ൽ ഹ​മീ​ദ് തു​ട​ങ്ങി പ്ര​മു​ഖ​രാ​യ മ​ല​യാ​ളി ലേ​ബ​ർ നേ​താ​ക്ക​ളെ​ല്ലാം സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഈ മാസം 22 മു​ത​ൽ 25 വ​രെ ന​ട​ന്ന ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ൽ രാ​ജ്യ​ത്തിന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും നി​ര​വ​ധി ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള പ്ര​തി​നി​ധി​കളും ഉ​ൾ​പ്പെ​ടെ ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.