മാ​ർ​പാ​പ്പ ഇ​ന്ന് മാ​ഴ്സെ​യി​ൽ
Friday, September 22, 2023 10:19 AM IST
വ​ത്തി​ക്കാ​ൻ സി​റ്റി: മെ​ഡി​റ്റ​റേ​നി​യ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഇ​ന്നു തെ​ക്ക​ൻ ഫ്രാ​ൻ​സി​ലെ മാ​ഴ്സെ ന​ഗ​ര​ത്തി​ലെ​ത്തും. ശ​നി​യാ​ഴ്ച സ​മ്മേ​ള​ന​ത്തി​ന്‍റെ അ​ന്തി​മ​സെ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷ​മാ​യി​രി​ക്കും മ​ട​ക്കം.

ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 17ന് ​ആ​രം​ഭി​ച്ച മെ​ഡി​റ്റ​റേ​നി​യ​ൻ സ​മ്മേ​ള​ന​ത്തി​ൽ വ​ട​ക്ക​നാ​ഫ്രി​ക്ക, പ​ശ്ചി​മേ​ഷ്യ, തെ​ക്ക​ൻ യൂ​റോ​പ്പ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ബി​ഷ​പ്പു​മാ​രും യു​വ​ജ​ന​ത​യും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​നു സ​മീ​പ​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ മ​ത, സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​കൂ​ടി​യാ​യ സ​മ്മേ​ള​നം ഞായറാഴ്ചയാണ് അ​വ​സാ​നി​ക്കു​ന്ന​ത്.

ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യ്ക്ക് റോ​മി​ൽ​നി​ന്നു വി​മാ​നം ക​യ​റു​ന്ന മാ​ർ​പാ​പ്പ നാ​ലേ​കാ​ലി​ന് മാ​ഴ്സെ​യി​ലെ​ത്തും. ഫ്ര​ഞ്ച് പ്ര​ധാ​ന​മ​ന്ത്രി എ​ലി​സ​ബ​ത്ത് ബോ​ൺ മാ​ർ​പാ​പ്പ​യെ സ്വീ​ക​രി​ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ മെ​ഡി​റ്റ​റേ​നി​യ​ൻ സ​മ്മേ​ള​ന​ത്തി​ന്‍റെ അ​ന്തി​മ​സെ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മ​ക്രോ​ണു​മാ​യി സ്വ​കാ​ര്യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.


ഉ​ച്ച​യ്ക്കു​ശേ​ഷം മാ​ഴ്സെ​യി​ലെ വെ​ലോ​ഡ്രോം സ്റ്റേ​ഡി​യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച​ശേ​ഷം രാ​ത്രി ഒ​ന്പ​തി​നു റോ​മി​ലേ​ക്കു മ​ട​ങ്ങും. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ 44-ാമ​ത് അ​പ്പ​സ്തോ​ലി​ക പ​ര്യ​ട​ന​മാ​യി​രി​ക്കും ഇ​ത്.