ബംഗാൾ ഗവർണറുമായി കൂടിക്കാഴ്ച നടത്തി മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ
Tuesday, March 14, 2023 12:52 PM IST
കോൽക്കത്ത: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസുമായി കൂടിക്കാഴ്ച നടത്തി. കോൽക്കത്ത കത്ത്രീഡലിന്‍റെ എഴുപത്തി അഞ്ചാം വാർഷികത്തിന് നേതൃത്വം നൽകാൻ എത്തിയതായിരുന്നു കാതോലിക്കാ ബാവ.

കൂടിക്കാഴ്ചയിൽ ഗവർണറുടെ പ്രവർത്തനങ്ങളെ വിലയിരുത്തുകയും നേരിട്ട് അഭിനന്ദനം അറിയിക്കുകയും ചെയ്തു. പശ്ചിമബംഗാളിന്‍റെ ഭരണതലത്തിൽ വളരെ കൃത്യതയോടെ തന്‍റേതായ കാർമികത്വം വഹിക്കുന്ന തികഞ്ഞ വ്യക്തിത്വമാണ് ഗവർണർ സി.വി ആനന്ദബോസ് എന്നും കാതോലിക്ക ബാവ പ്രശംസിച്ചു.

മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനെ പൂച്ചെണ്ടുകൾ നൽകിയാണ് ഗവർണറും സംഘവും സ്വീകരിച്ചത്. ഓർത്തഡോക്സ് സഭയ്ക്ക് മാത്രമല്ല സമൂഹ നന്മയ്ക്ക് ജാതിമതഭേദമന്യേ നിരവധി കാരുണ്യപ്രവർത്തനങ്ങളാണ് ബാവാ തിരുമേനിയുടെ നേതൃത്വത്തിൽ നടത്തിവരുന്നതെന്നും, കഷ്ടത അനുഭവിക്കുന്ന ജനങ്ങൾക്ക് അത് ഏറെ പ്രയോജനകരമാകുന്നുണ്ടെന്നും ഗവർണർ അഭിപ്രായപ്പെട്ടു.

ജനങ്ങൾക്കായി ബാവാ തിരുമേനി നടത്തിവരുന്ന കാരുണ്യ പ്രവൃത്തികൾ അദ്ദേഹത്തെ ഏറെ ശ്രേഷ്ഠനാക്കുന്നുവെന്നും ഗവർണർ പറഞ്ഞു.