2022 ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി ഏറിയ വര്‍ഷം: ഷോള്‍സ്
Tuesday, January 24, 2023 5:07 PM IST
ജോസ് കുമ്പിളുവേലില്‍
ദാവോസ്: ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വര്‍ഷമായിരുന്നു 2022 എന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശമാണ് ലോകക്രമം ആകെ താറുമാറാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍, ഇതേ കാരണം കാലാവസ്ഥാ സംരക്ഷണത്തിനുള്ള ഉത്പ്രേകരമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പ്രസംഗിക്കുകയായിരുന്നു ഷോള്‍സ്. പതിവ് വിട്ട് ഇംഗ്ളീഷിലായിരുന്നു പ്രസംഗം.

യുക്രെയ്നില്‍ വലിയ വിനാശമാണ് യുദ്ധം കാരണം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, യുക്രെയ്നെ മാത്രമല്ല, നമ്മളെയെല്ലാം യുദ്ധം ബാധിച്ചു കഴിഞ്ഞതായും ഷോള്‍സ് ചൂണ്ടിക്കാട്ടി.

ഈ വര്‍ഷം വേള്‍ഡ് ഇക്കണോമിക് ഫോറത്തെ അഭിസംബോധന ചെയ്യുന്ന ഏക ജി7 രാഷ്ട്രത്തലവനാണ് ഷോള്‍സ്. ലോകത്തെ അതി സമ്പന്ന രാഷ്ട്രങ്ങള്‍ക്കു മാത്രം പ്രാതിനിധ്യമുള്ള ഫോറത്തിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്.