ജർമനിയിൽ ശബ്ദശല്യം ആരോപിച്ച് വെന്‍റിലേറ്റർ ഓഫ് ചെയ്തു; പ്രതി അറസ്റ്റിൽ
Sunday, December 4, 2022 6:54 AM IST
ജോസ് കുന്പിളുവേലിൽ
ബെർലിൻ: ശബ്ദം ശല്യമാണെന്നാരോപിച്ച് രോഗിയുടെ വെന്‍റിലേറ്റർ ഓഫ് ചെയ്തതിന് എഴുപത്തിരണ്ടുകാരി അറസ്റ്റിൽ. ജർമനിയിലെ മാൻഹൈമിലാണ് സംഭവം.

രോഗിയുടെ വെന്‍റിലേറ്റർ ഇതിനു മുൻപും ഇവർ ഇതേ കാരണം പറഞ്ഞ് ഓഫ് ചെയ്തിരുന്നു. അന്ന് രോഗി കഷ്ടിച്ചാണ് രക്ഷപെട്ടത്. വെന്‍റിലേറ്റർ അത്യാവശ്യമാണെന്നും, ഓഫ് ചെയ്യരുതെന്നും ഡോക്ടർമാർ താക്കീത് നൽകിയിരുന്നു.

ഇപ്പോൾ രണ്ടാം തവണയും വെന്‍റിലേറ്റർ ഓഫ് ചെയ്തതോടെ രോഗി അത്യാസന്ന നിലയിലായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജാമ്യത്തിൽ വിട്ടു. പ്രതിക്കെതിരേ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. രോഗിക്ക് അടിയന്തര ചികിത്സ തുടരുകയാണ്.