സ്കോട്ട്ലന്‍റിൽ മലയാളിക്ക്‌ നേരെ വംശീയ അക്രമണം
Friday, December 2, 2022 10:32 AM IST
എഡിൻബറോ: സ്കോട്ട്ലന്റ്‌ തലസ്ഥാനമായ എഡിൻബ്രയിൽ സ്ഥിരതാമസമാക്കിയ മലയാളിയാണു കഴിഞ്ഞ ദിവസം ക്രൂരമായ ആക്രമണത്തിനു ഇരയായത്‌. ഫെറി റോഡ്‌ പ്രദേശത്ത്‌ രാത്രി ജോലി കഴിഞു ബസ്‌ കാത്തുനിന്ന ബിനു ചാവയ്ക്കാമണ്ണിൽ ജോർജ് ആണ് അക്രമിക്കപ്പെട്ടത്‌.

ബസ്‌ സ്റ്റോപ്പിൽ നിൽക്കുമ്പോൾ ഒരു കൂട്ടം ചെറുപ്പക്കാർ ബിനുവിനെ ആദ്യം വംശീയമായി അധിക്ഷേപിച്ചെങ്കിലും ബിനു മാറി പോകുവാൻ ശ്രമിച്ചു, പിന്നീട്‌ അവർ പിന്തുടർന്ന് അക്രമിക്കുകയായിരുന്നു.

മുഖത്ത്‌ പലപ്രാവശ്യം ഇടിയേറ്റ ബിനു ബോധം നഷ്ടപ്പെട്ടു താഴെ വീഴുകയും ചെറുപ്പക്കാരിൽ ഒരാൾ ബിനുവിന്റെ ബാഗ്‌ എടുത്ത്‌ ഓടി. ഇത്‌ കണ്ട്‌ ഓടി കൂടിയ നാട്ടുകാരാണ് പോലീസിനെയും ആംബുലൻസും വിളിച്ചത്‌. തുടർന്ന് ബിനു ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സുഹൃത്തുക്കൾ എത്തുകയും പോലീസിന്റെ സഹായത്തോടെ പ്രാഥമിക ചിക്ത്സയ്ക്ക്‌ ശേഷം വീട്ടിലെത്തിക്കുകയായിരുന്നു.

കഴിഞ്ഞ പന്ത്രണ്ട്‌ വർഷമായി താൻ ജോലി ചെയ്യുന്ന പ്രദേശത്ത്‌ നിന്നും ഇത്തരം ഒരു അനുഭവം ഉണ്ടായത്‌ ബിനു ഞെട്ടലോടെയാണു പുറം ലോകത്തോട്‌ പറഞ്ഞത്‌. പൊതുവേ വംശീയ അക്രമണങ്ങൾ കുറവുള്ള സ്കോട്ലന്റിൽ ഇത്തരം അക്രമണങ്ങൾ കൂടി വരുന്നത്‌ ഇന്ത്യൻ സമൂഹത്തിൽ ആശങ്കയുണ്ടാക്കുന്നു. അടുത്തയിടയിൽ ഏഷ്യൻ വംശജരുടെയും വിദ്യാർത്ഥികളുടെയും വരവ്‌ കൂടിയത്‌ തദ്ദേശിയരിൽ ആശങ്കയുണ്ടാക്കുന്നു എന്നതിന്റെ സൂചന കൂടിയാണിത്‌. ഈ സാഹചര്യത്തിൽ കഴിവതും രാത്രി കാലങ്ങളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം.

പുതിയതായി വരുന്നവർ സുരക്ഷിതമല്ലാത്ത പ്രദേശങ്ങൾ മനസ്സിലാക്കുകയും ഒഴിവാക്കുകയും, ഏതെങ്കിലും ആക്രമണങ്ങൾ നേരിട്ടാൽ അത്‌ പോലീസിൽ അറിയിക്കുകയും വേണം. ഈ വിഷയത്തിൽ ഇടപെട്ട്‌ മലയാളികളുടെ സംഘടനയായ കൈരളി യുകെ പ്രദേശത്തെ ജനപ്രതിനിധികളെ ഉൾപ്പെടുത്തി ആവശ്യമായ നടപടികൾ എടുക്കുവാൻ ഉളള സഹായങ്ങൾ ചെയ്തു വരുന്നു.

ഈ വിഷയത്തിൽ സ്വയം വീഡിയോ ചെയ്ത്‌ തന്‍റെ ദുരനുഭവം പങ്കുവയ്ക്കുവാനും മറ്റുള്ളവർക്ക്‌ മുന്നറിയിപ്പ് നൽകിയ ബിനുവിനെ എഡിൻബ്രയിലെ മലയാളി സമൂഹം അഭിനന്ദിച്ചു. വീഡിയോ ലിങ്ക്‌ - https://youtu.be/2egOQQgJuqM