യുക്രെയ്ന്‍ യുദ്ധം കഥാതന്തുവാക്കിയ മലയാളത്തിലെ ആദ്യ ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തു
Tuesday, October 4, 2022 12:21 PM IST
ജോസ് കുമ്പിളുവേലില്‍
വിയന്ന: യുദ്ധങ്ങള്‍ ലോകത്തിന് സമ്മാനിക്കുന്നത് തീരാദുരിതങ്ങളാണ്. ശവപ്പറമ്പുകളാകുന്ന നഗരങ്ങള്‍, പട്ടിണിയും പകര്‍ച്ചവ്യാധികളും, ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍, കത്തിയമരുന്ന ഫാക്ടറികളും കെട്ടിടങ്ങളും.ശത്രു പാളയത്തില്‍ തടവിലാക്കപ്പെടുന്നവര്‍, ശത്രുപടയാളികളാല്‍ മാനം നഷ്ടപ്പെടേണ്ടി വരുന്ന സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളും അങ്ങനെ എന്തൊക്കെയാണ് ബാക്കിപത്രമായി തീരുന്നത്.

ഒന്നാം ലോക മഹായുദ്ധം രണ്ടു കോടി ജനങ്ങളെ കൊലപ്പെടുത്തി. രണ്ടാം ലോക മഹായുദ്ധത്തില്‍ എണ്ണം അതിന്‍റെ ഇരട്ടിയായിരുന്നു. കൊറിയന്‍ യുദ്ധത്തിലെ മരണ സംഖ്യ 30 ലക്ഷം. വിയറ്റ്നാം യുദ്ധത്തില്‍ കൊല്ലപ്പെട്ടതാകട്ടെ 25 ലക്ഷം ജനങ്ങള്‍.

ഇറാക്ക്~അഫ്ഗാന്‍ യുദ്ധം തകര്‍ത്തെറിഞ്ഞത് 10 ലക്ഷത്തോളം ആളുകളെ. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഉൈ്രകനില്‍ ദിവസേന പൊലിയപ്പെടുന്നത് നൂറുകണക്കിന് ജീവനുകള്‍.

ശത്രുരാജ്യത്തിന്റെ തോക്കിന്‍ മുനയില്‍ എരിഞ്ഞു തീര്‍ന്ന സ്വന്തം മകള്‍, പടയാളികള്‍ തട്ടിക്കൊണ്ടുപോയ സ്വന്തം ഭര്‍ത്താവ്, പട്ടാളക്കാര്‍ തകര്‍ത്തെറിഞ്ഞ സ്വന്തം മാനം, അവര്‍ ചാമ്പലാക്കിയ തന്റെ വീട്, ഇവയ്ക്കിടയില്‍ സ്വന്തം ജീവന്‍ തൃണവല്‍ക്കരിച്ചു കൊണ്ട് ഉക്റൈന്‍കാര്‍ യുദ്ധഭൂമിയില്‍ നിന്നും പലായനം ചെയ്യേണ്ടി വന്ന ഒരു മലയാളി വീട്ടമ്മയുടെ കദനകഥ പറയുകയാണ് 'ഒരു വിലാപം' എന്ന മലയാള ഷോര്‍ട്ട് ഫിലിമിലൂടെ മോനിച്ചന്‍ കളപ്പുരയ്ക്കല്‍.

സ്വിറ്റ്സര്‍ലണ്ടില്‍ ഈ വര്‍ഷം നടന്ന കേളി ഇന്‍റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ രണ്ടാം സ്ഥാനം നേടിയ ഈ ഷോര്‍ട്ട് ഫിലിം, ഉക്റൈന്‍ യുദ്ധം പ്രധാന കഥാതന്തുവായ ആദ്യത്തെ മലയാള ഷോര്‍ട്ട് ഫിലിം കൂടിയാണ്.

യുദ്ധം .. ..അത് മനസ്സുകള്‍ തമ്മിലായാലും, മതങ്ങള്‍ തമ്മിലായാലും, രാഷ്ട്രങ്ങള്‍ തമ്മിലായാലും ....യുദ്ധങ്ങള്‍ കൊണ്ട് ആരും ഒന്നും നേടിയിട്ടില്ല" എന്ന് ഫിലിമിലെ നായകന്‍ ഒരുവിടുമ്പോള്‍ മന:സ്സാക്ഷി മരവിക്കാത്ത മനസ്സുകള്‍ ഹൃദയത്തില്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് : യുദ്ധം ആര്‍ക്കുവേണ്ടി എന്ന് ?

ഫാ.ജോഷി വെട്ടികാട്ടില്‍, രാജി തട്ടില്‍, ബിജു കരിയാംപള്ളി എന്നിരാണ് അഭിനേതാക്കള്‍. ക്യ, തിരക്കഥ, ക്യാമറ, സംവിധാനം മോനിച്ചന്‍ കളപ്പുരയാണ് നിര്‍വഹിച്ചിരിയ്ക്കുന്നത്. എഡിറ്റിംഗ് അല്‍വിന്‍ പോള്‍ ജോണ്‍, മ്യൂസിക് ആന്റ് ബായ്ക്ക്ക്ഗ്രൗണ്ട് സ്കോര്‍ രാജീവ് ശിവയും,പോസ്ററര്‍ ജി ബിജുവും, സബ്ടൈറ്റില്‍ സജി ജേക്കബ് വിയന്നയും,സഹസംവിധാനം ഫാ. ഷൈജു മാത്യു മേപ്പുറത്ത് ഒഐസിയും നിര്‍വഹിച്ചിരിക്കുന്നു.

കഥയ്ക്ക് അനുയോജ്യമായ ദൃശ്യഭംഗി ഒപ്പിയെടുത്തത് വിയന്നയുടെ പ്രകൃതി സൗന്ദര്യമാണ്.

പത്തു മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ഈ ഷോര്‍ട്ട് ഫിലിം കാണുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക
https://youtu.be/8VcobzpCAqM