പ്രവേശനോത്സവവും മലയാളം ക്ലാസ്സ്‌ ഉദ്ഘാടനവും ഒക്ടോബർ 5-ന് ഗ്രേറ്റർ നോയിഡയിൽ
Tuesday, October 4, 2022 11:28 AM IST
പി.എൻ. ഷാജി
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റേയും കേരള അസോസിയേഷൻ, ഗ്രേറ്റർ നോയിഡയുടെയും സംയുക്താഭിമുഖ്യത്തിൽ ഗ്രേറ്റർ നോയിഡ ഡെൽറ്റ 3-ലെ ജീസസ് ആൻഡ് മേരി സ്കൂളിൽ വിജയ ദശമി ദിനമായ ഒക്ടോബർ 5 ബുധനാഴ്ച രാവിലെ 11:30-ന് മലയാള ഭാഷാ പഠനത്തിനുള്ള പ്രവേശനോത്സവവും മലയാളം ക്ലാസ്സിന്റെ ഉത്ഘാടനവും നടക്കും.

ഡൽഹി മലയാളി അസോസിയേഷൻ (ഡിഎംഎ) വൈസ് പ്രസിഡന്‍റും ഡിഎംഎയുടെ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോർഡിനേറ്ററുമായ രഘുനാഥൻ നായർ കെജി, ഡിഎംഎ ജനറൽ സെക്രട്ടറിയും മലയാളം മിഷൻ ഡൽഹി ഘടകം വൈസ് പ്രസിഡന്റുമായ ടോണി കെജെ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും.

ഭാഷാ പഠനത്തിനുള്ള പുസ്‌തകങ്ങളുടെ വിതരണവും ചടങ്ങിൽ നടത്തുമെന്ന് സംഘാടകൾ പറഞ്ഞു.

മലയാള ഭാഷാ പഠനത്തിനായി പേരുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള 28 കുട്ടികളെക്കൂടാതെ ഇനിയും മലയാളം ക്ലാസുകളിൽ ചേർന്ന് പഠനം നടത്താൻ ആഗ്രഹിക്കുന്നവർക്കും ചടങ്ങുകളിൽ പങ്കെടുക്കുവാനും തുടർന്ന് പഠിക്കുവാനും അവസരം ഒരുക്കിയിട്ടുണ്ടന്ന് കേരള അസോസിയേഷൻ, ഗ്രേറ്റർ നോയിഡ പ്രസിഡന്റ്‌ ടിജി വിജയകുമാർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 9910885828, 9818750868 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.