മനോജ് കുമാര്‍ പിള്ള യുക്മ ലയ്സൺ ഓഫീസർ
Tuesday, September 20, 2022 7:34 PM IST
അലക്സ് വർഗീസ്
ലണ്ടൻ: യുക്മ ലയ്സൺ ഓഫീസറായി മുൻ പ്രസിഡന്‍റ് മനോജ് കുമാർ പിള്ളയെ നിയമിക്കാൻ യുക്മ ദേശീയസമിതി യോഗം തീരുമാനിച്ചു. യുക്മയെ യുകെയിലെയും, ഭാരതത്തിലേയും സർക്കാരുകളുമായും മറ്റ് ഒദ്യോഗിക സംവിധാനങ്ങളെയും ഏകോപ്പിക്കുന്നതുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ് മനോജ് കുമാര്‍ പിള്ളയ്ക്ക് ദേശീയ സമിതി നൽകിയിരിക്കുന്നത്. ഇതാദ്യമാണ് യുക്മയ്ക്ക് ലെയ്സൺ ഓഫീസറെ നിയമിച്ചിരിക്കുന്നത്.

സ്ഥാനമൊഴിഞ്ഞ യുക്മ പ്രസിഡന്‍റായ മനോജ് കുമാര്‍ പിള്ള സൗത്ത് ഈസ്റ്റ് റീജിയനിലെ ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ പ്രതിനിധിയാണ്. കഴിഞ്ഞ പത്ത് വര്‍ഷക്കാലം യുക്മ ദേശീയ തലത്തിലും സൗത്ത് റീജിയണിലും സംഘടിപ്പിച്ചിട്ടുള്ള എല്ലാ പരിപാടികളിലെയും നിറസാന്നിധ്യമായ മനോജ് കലാമേള, കായികമേള, ഫാമിലി ഫെസ്റ്റ്, വള്ളംകളി പോലെയുള്ള യുക്മയുടെ എല്ലാ പ്രധാനപരിപാടികൾക്കു പിന്നിലും സജീവ സാന്നിധ്യമാണ്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി ഡോര്‍സെറ്റിലെ മലയാളി സംഘടനാ രംഗത്ത് നിരവധി പദവികള്‍ വഹിച്ചിട്ടുള്ള മനോജ് ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ (ഡി.കെ.സി) മുൻ പ്രസിഡന്‍റാണ്. ഡി.കെ.സി യുക്മയിലെ ഏറ്റവും സജീവമായ സംഘടനകളിലൊന്നാണ്. നിരവധി തവണ റീജണല്‍ കലാമേള ചാമ്പ്യന്മാരും നാഷണല്‍ കലാമേളയിലെ മുന്‍നിരപോരാളികളും.

പ്രമുഖ ട്രാന്‍സ്പോര്‍ട്ട് കമ്പനിയായ ഗോ സൗത്ത് കോസ്റ്റ് ലിമിറ്റഡില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്നു. ഭാര്യ ജലജ മനോജ്. മൂന്ന് കുട്ടികൾ.

യുക്മ ലെയ്സൺ ഓഫീസറായി നിയമിതനായിരിക്കുന്ന മനോജ്കുമാർ പിള്ളയെ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ് തുടങ്ങിയവർ അഭിനന്ദിച്ചു.