ജിഎംഎഫ് ഇതര സംഘടന മീറ്റ് വര്‍ണശബളമായി
Sunday, July 31, 2022 12:27 PM IST
ജോസ് കുമ്പിളുവേലില്‍
കൊളോണ്‍:ജര്‍മനിയിലെ കൊളോണില്‍ നടക്കുന്ന ഗ്ളോബല്‍ മലയാളി ഫെഡറേഷന്റെ മുപ്പത്തിമൂന്നാം പ്രവാസി സംഗമത്തിന്റെ മൂന്നാം ദിവസം നടന്ന സംഘടനാ പ്രതിനിധി മീറ്റ് ശ്രദ്ധേയമായി.

ജര്‍മനിയിലെ വിവിധ സംഘടന ഭാരവാഹികളായ ജോസ് പുതുശേരി (പ്രസിഡന്‍റ്, കേരള സമാജം കൊളോണ്‍), എബ്രഹാം നടുവിലേടത്ത് (ഗ്രോസ് ഗെരാവു), ജോസഫ് മാത്യു (ക്രേഫെല്‍ഡ്), ജോസ് തോമസ് (ബോണ്‍), തെയ്യാമ്മ കളത്തിക്കാട്ടില്‍ (വെസ്സലിങ്), ബാബു ഹാംബുര്‍ഗ്, ബാബു ചെമ്പകത്തിനാല്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

അറുപതുകള്‍ മുതല്‍ ജര്‍മനിയില്‍ എത്തി ജീവിതത്തിന്റെ വിവിധ മേഖലകളിലൂടെ കടന്നുപോയപ്പോഴും സംഘടനകളെ ചേര്‍ത്തുപിടിച്ച് പ്രവാസി സമൂഹത്തിനുവേണ്ടി പ്രശസ്തിയും നേട്ടങ്ങളും കൈവരിച്ച നേതാക്കള്‍ സമൂഹത്തിന്‍റെ മുതല്‍ക്കൂട്ടാണന്ന് ജിഎംഎഫ് ഗ്ളോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ മീറ്റില്‍ ഓര്‍മ്മിപ്പിച്ചു.




മൂന്നാം ദിവസമായ വെള്ളിയാഴ്ച രാവിലെ നടന്ന സെമിനാറില്‍ കൊളോണ്‍ കേരള സമാജം പ്രസിഡന്റും കേരള ലോകസഭാംഗവുമായ , ജോസ് പുതുശേരി തേനീച്ച വളര്‍ത്തലിനെക്കുറിച്ച് ക്ളാസ് എടുത്തു. നല്ലൊരു തേനീച്ച കര്‍ഷകനായ ജോസിന്റെ തേനീച്ച ബോധവല്‍ക്കരണം ഏവരേയും ആകര്‍ഷിച്ചു.

വൈകുന്നേരം നടന്ന കലാസന്ധ്യ ബാബു ചെമ്പകത്തിനാല്‍ മോഡറേറ്റ് ചെയ്തു. സാറാമ്മ ജോസഫ് സ്വാഗതം ആശംസിച്ചു. സോഫി താക്കോല്‍ക്കാരന്‍ നന്ദി പറഞ്ഞു. ഏലിയാക്കുട്ടി ചദ്ദ, മോളി കോട്ടേക്കുടി, മേരി ക്രീഗര്‍, മേരി പ്ളാമ്മൂട്ടില്‍, പോള്‍ പ്ളാമ്മൂട്ടില്‍, ജോര്‍ജ് കോട്ടേക്കുടി, മേരി ജെയിംസ്, അല്‍ഫോന്‍സാ, ഡോ.ബേബി, ഗ്രേസിക്കുട്ടി മണ്ണനാല്‍, ജോസി മണമയില്‍ എന്നിവര്‍ ഗാനാലാപനം, സ്കെച്ച്, കപ്പിള്‍ നൃത്തം, മോണോ ആക്ട്, നാടന്‍ നൃത്തം, ഫാഷന്‍ ഷോ തുടങ്ങിയ പരിപാടികള്‍കൊണ്ട് കൊഴുപ്പുള്ളതാക്കി. സിറിയക് ചെറുകാടിന്റെ ഗാനമേളയോടെ പരിപാടികള്‍ സമാപിച്ചു.

നാലാംദിവസമായ ശനിയാഴ്ച വൈകുന്നേരം നടക്കുന്ന സമാപന സമ്മേളത്തില്‍ ഈ വര്‍ഷത്തെ ജിഎംഎഫ് മീഡിയ അവാര്‍ഡ് പ്രവാസിഓണ്‍ലൈന്‍ ചീഫ് എഡിറ്റര്‍ ജോസ് കുമ്പിളുവേലിയ്ക്ക് പോള്‍ ഗോപുരത്തിങ്കല്‍ സമര്‍പ്പിക്കും. വിവിധ സംഘടനാ തോക്കള്‍ ആശംസകള്‍ അര്‍പ്പിച്ച് പ്രസംഗിക്കും. ഞായറാഴ്ചയോടെ അഞ്ചുദിന സംഗമത്തിന് തിരശീല വിഴും.