ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍
Saturday, July 2, 2022 9:30 PM IST
ജോസ് കുമ്പിളുവേലില്‍
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക്. കോവിഡ് നിയന്ത്രണം നിലനില്‍ക്കുന്നതിനിടെ ഔദ്യോഗിക വസതിയില്‍ മദ്യ സത്കാരം നടത്തിയെന്നു തെളിഞ്ഞതിനെത്തുടര്‍ന്ന് രാജി സമ്മര്‍ദം നേരിടുകയാണ് ബോറിസ് ജോണ്‍സണ്‍.

ഇതേ വിഷയവുമായി ബന്ധപ്പെട്ടു തന്നെയാണ് പിഞ്ചറുടെ രാജി എന്നതാണ് ബോറിസിനെ കുഴപ്പത്തിലാക്കുന്നത്. പാര്‍ലമെന്റ് അംഗങ്ങളുടെ അച്ചടക്കം നോക്കേണ്ട പിഞ്ചര്‍ അമിത മദ്യപാനവും പെരുമാറ്റദൂഷ്യ ആരോപണവും കാരണമാണ് രാജി നല്‍കിയത്. പ്രധാനമന്ത്രി രാജി സ്വീകരിക്കുകയും ചെയ്തു.

താന്‍ അമിതമായി മദ്യപിച്ചിരുന്നതായി രാജിക്കത്തില്‍ പിഞ്ചര്‍ സമ്മതിക്കുന്നു. ലണ്ടനിലെ സ്വകാര്യ ക്ളബില്‍വെച്ച് രണ്ട് അതിഥികളെ മര്‍ദിച്ചെന്ന ആരോപണവും നേരിടുന്നു. പിഞ്ചറെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യം വ്യാപകമാണ്.