ജി7 നേതാക്കള്‍ക്ക് കരകൗശലവസ്തുക്കള്‍ സമ്മാനിച്ച് മോദി
Thursday, June 30, 2022 11:23 AM IST
ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍: ജര്‍മനിയില്‍ നടന്ന ജി~7 ഉച്ചകോടിയില്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ രാഷ്ട്ര നേതാക്കള്‍ക്ക് സമ്മാനമായി നല്‍കിയത് ഇന്ത്യയുടെ ചരിത്രവും പാരമ്പര്യവും വിളിച്ചോതുന്ന കരകൗശല വസ്തുക്കള്‍.

വാരാണസിയിലെ സവിശേഷ കരകൗശലവിദ്യയായ ഗുലാബി മീനാകാരിയിലുള്ള ബ്രൂച്ചും കഫ്ലിങ്ക് സെറ്റുമാണ് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന് സമ്മാനിച്ചത്. മൊറാദാബാദില്‍നിന്നുള്ള ചിത്രപ്പണിചെയ്ത ഓട്ടുമൊന്ത ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിനും നിസാമാബാദിലുണ്ടാക്കിയ കറുത്ത മണ്‍പാത്രങ്ങള്‍ ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗയ്ക്കും നല്‍കി.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണു നല്‍കിയത് പ്ളാറ്റിനം പൂശി കൈകൊണ്ടു ചിത്രമെഴുതിയ ചായപ്പാത്രങ്ങള്‍. ലഖ്നൗവിലെ സര്‍ദോസി ചിത്രപ്പണിചെയ്ത പെട്ടിക്കുള്ളിലാക്കിയ പ്രകൃതിദത്ത സുഗന്ധദ്രവ്യം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനു നല്‍കി. ആഗ്രയില്‍നിന്നുള്ള മാര്‍ബിളില്‍ത്തീര്‍ത്ത അലങ്കാരവസ്തു ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗിക്കും കശ്മീരിന്റെ സ്വന്തം പട്ടുപരവതാനി കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോയ്ക്കും സമ്മാനിച്ചു.

പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത സെനെഗല്‍ പ്രസിഡന്റ് മാക്കി സാളിനു നല്‍കിയത് സീതാപുരില്‍നിന്നുള്ള പുല്‍ക്കൂടകളും പരുത്തിയില്‍ നെയ്ത ചവിട്ടുമെത്തയും. ഇന്‍ഡൊനീഷ്യയുടെ രാമായണപാരമ്പര്യം കണക്കിലെടുത്ത് രാമന്റെ രാജസഭ കൊത്തിയ അലങ്കാരമാണ് അവിടത്തെ പ്രസിഡന്‍റ് ജോക്കോ വിഡോഡോയ്ക്കു നല്‍കിയത്.

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസയ്ക്ക് ഡോക്ര എന്ന ലോഹവിദ്യയില്‍ തീര്‍ത്ത രാമായണശില്പവും അര്‍ജന്റീനിയന്‍ പ്രസിഡന്റ് ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസിന് നന്ദിയുടെ ശില്പവും സമ്മാനിച്ചു. ഛത്തീസ്ഗഢിലുണ്ടാക്കിയതാണ് ഇവ.