യുക്മ റീജിയണൽ തിരഞ്ഞെടുപ്പുകൾക്ക് ശനിയാഴ്ച തുടക്കം കുറിക്കുന്നു
Friday, May 27, 2022 2:28 PM IST
അലക്സ് വർഗീസ്
ലണ്ടൻ: 2022 വർഷത്തിലെ യുക്മയുടെ ഇലക്ഷൻ പ്രക്രിയകൾക്ക് ശനിയാഴ്ച തുടക്കം കുറിക്കുന്നു. ആദ്യ ദിവസമായ നാളെ മിഡ്ലാൻഡ്സ് റീജിയണിൽ നടക്കുന്ന തെരഞ്ഞെടുപ്പോടെ യുക്മയുടെ വിവിധ റീജിയനുകളിൽ പുതിയ നേതൃനിര യുക്മയുടെ ഭരണസാരഥ്യത്തിലേക്ക് കടന്നു വരും. രാവിലെ 11ന് വാൽസാളിലെ റോയൽ ഹോട്ടലിൽ വച്ച് നടക്കും. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി യുക്മ തിരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങളായ അലക്സ് വർഗീസ്, വർഗീസ് ജോൺ, ബൈജു തോമസ് എന്നിവർ അറിയിച്ചു.

മനോജ് കുമാർ പിള്ളയുടെ നേതൃത്വത്തിലുള്ള നിലവിലുള്ള കമ്മിറ്റിയുടെ കാലാവധി പൂർത്തിയായതിനെ തുടർന്ന് ബർമിംങ്ങ്ഹാമിൽ കൂടിയ ദേശീയ ജനറൽ ബോഡി യോഗം ഇലക്ഷൻ നടത്തിപ്പിന്‍റെ ചുമതല ഭരണഘടന പ്രകാരം ഇലക്ഷൻ കമ്മീഷനെ തിരുമാനിക്കുകയും, ഇലക്ഷൻ നടത്തുന്നതിനായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

യുക്മ ഇലക്ഷൻ കമീഷൻ തീരുമാനപ്രകാരം നാളെ മിഡ്ലാൻഡ്സ് റീജിയൺ തിരഞ്ഞെടുപ്പും ജൂൺ 4 ശനിയാഴ്ച യുക്മ സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് റീജിയണുകളിലും തിരഞ്ഞെടുപ്പ് നടക്കുന്നതാണ്. തുടർന്ന് ജൂൺ 11 ന് യുക്മയുടെ ഈസ്റ്റ് ആംഗ്ലിയ, യോർക് ഷെയർ & ഹംമ്പർ, നോർത്ത് വെസ്റ്റ് റീജിയനുകളിലും തെരഞ്ഞെടുപ്പ് നടക്കും. മറ്റ് റീജിയണുകളിലെ തിരഞ്ഞെടുപ്പ് തീയ്യതികൾ പിന്നീട് അറിയിക്കുന്നതാണ്.

റീജിയൻ തിരഞ്ഞെടുപ്പുകൾ ജൂൺ 11ന് അവസാനിക്കുമ്പോൾ ജൂൺ 18 ശനിയാഴ്ച ബെർമിംങ്ങ്ഹാമിൽ വച്ച് അടുത്ത വർഷങ്ങളിലേക്കുള്ള യുക്മയുടെ പുതിയ ദേശീയ ഭരണസമിതി തെരഞ്ഞെടുപ്പിലൂടെ ചുമതലയേറ്റെടുക്കും.

യുക്മയുടെ അംഗ അസോസിയേഷനുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജനറൽ കൗൺസിൽ അംഗങ്ങൾക്കായിരിക്കും അതാതു റീജിയണുകളിലും, ദേശീയ തലത്തിലും ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടവകാശം ഉണ്ടായിരിക്കുന്നത്. യുക്മ തെരഞ്ഞെടുപ്പുകൾ ഏറ്റവും നീതിപൂർവ്വമായി നടത്തി പുതിയ കമ്മിറ്റികൾ നിലവിൽ വരുവാൻ എല്ലാവരുടേയും സഹായ സഹകരണങ്ങൾ യുക്മ ഇലക്ഷൻ കമ്മീഷൻ അംഗങ്ങൾ അഭ്യർത്ഥിച്ചു.