സ്വീഡനും ഫിന്‍ലന്‍ഡും തീവ്രവാദത്തിന്‍റെ വക്താക്കള്‍: എർദോഗൻ
Saturday, May 21, 2022 7:10 AM IST
ജോസ് കുമ്പിളുവേലില്‍
അങ്കാറ: സ്വീഡനും ഫിന്‍ലന്‍ഡും നാറ്റോയില്‍ അംഗത്വമെടുക്കുന്നതില്‍ എതിര്‍പ്പ് കൂടുതല്‍ ശക്തമാക്കി തുര്‍ക്കി. രാജ്യസുരക്ഷക്ക് ഭീഷണിയുള്ള കുര്‍ദിഷ് സംഘങ്ങള്‍ക്ക് അഭയം നല്‍കുന്നത് നോര്‍ഡിക് രാജ്യങ്ങള്‍ തുടരുകയാണെന്നാണ് തുര്‍ക്കി പ്രസിഡന്‍റ് റജിബ് തയ്യിബ് എർദോഗന്‍റെ ആരോപണം.

നാറ്റോ അംഗത്വം ലഭിക്കാന്‍ 30 അംഗ രാജ്യങ്ങളുടെയും സമ്മതം വേണമെന്നിരിക്കെ, സ്വീഡനും ഫിന്‍ലന്‍ഡിനും തുര്‍ക്കിയുടെ നിലപാട് നിര്‍ണായകമാണ്. നിലവില്‍ എല്ലാ നാറ്റോ അംഗങ്ങള്‍ക്കും വീറ്റോ അധികാരമുണ്ട്.

തീവ്രവാദത്തിന്‍റെ വക്താക്കളാണ് സ്വീഡനും ഫിന്‍ലന്‍ഡും. ഇവര്‍ നാറ്റോ അംഗങ്ങളാകുന്നതിനോട് യോജിപ്പില്ലെന്നും തുര്‍ക്കി പ്രസിഡന്‍റ് റജബ് തയ്യിബ് എർദോഗൻ വ്യക്തമാക്കി. കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിക്ക് ഇരു രാജ്യങ്ങളും നല്‍കുന്ന പിന്തുണയാണ് എർദോഗന്‍റെ എതിര്‍പ്പിനു പ്രധാന കാരണം. പികെകെയെ തീവ്രവാദ സംഘങ്ങളായാണ് തുര്‍ക്കി കണക്കാക്കുന്നത്.