ദേവസഹായം പിള്ള ഇനി വിശുദ്ധൻ
Tuesday, May 17, 2022 12:47 PM IST
ജോസ് കുമ്പിളുവേലില്‍
വത്തിക്കാന്‍സിറ്റി: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഞായറാഴ്ച രാവിലെ 9.30 ന് ആരംഭിച്ച ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് വിശുദ്ധനായി പ്രഖ്യാപിച്ചത്. ഭാരതീയ ക്രൈസ്തവ സഭയുടെ ആദ്യത്തെ അല്‍മായ രക്തസാക്ഷിയാണ് ദേവസഹായം പിളള.

പുതിയ വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പീഠത്തിലേക്ക് മറ്റു പ്രതിനിധികള്‍ക്കൊപ്പം ഡിഎംഐ സന്യാസിനീ സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റർ ലളിതയാണ് നവഭാരതീയ വിശുദ്ധനുവണ്ടി എത്തിയത്.

വിശുദ്ധ കുര്‍ബാനയിലെ വചനശുശ്രൂഷയില്‍ ലത്തീന്‍, ഗ്രീക്ക് ഭാഷകളില്‍ സുവിശേഷം വായിച്ചു. തുടര്‍ന്നു മാര്‍പാപ്പാ സുവിശേഷപ്രഭാഷണം നടത്തി. യേശു ശിഷ്യരെ ഭരമേല്പിച്ച പരമോന്നത ദൗത്യം പരസ്പര സ്നേഹമാണെന്ന് മാര്‍പാപ്പ ഓര്‍മിപ്പിച്ചു. ദൈവസ്നേഹം എന്നത് സഹജീവികളോടുള്ള സ്നേഹപ്രവൃത്തികളായി പ്രവഹിക്കുന്നതാണ് വിശുദ്ധിയെന്ന് മാര്‍പാപ്പ പറഞ്ഞു.

പ്രഘോഷണ പ്രാര്‍ഥനകള്‍ ഫ്രഞ്ച്, തമിഴ്, സ്പാനിഷ്, ഡച്ച്, ഇറ്റാലിയന്‍ എന്നീ ഭാഷകളിലാണ് ചൊല്ലിയത്. തമിഴ്നാട്ടുകാരി ലീമയാണ് ലോകസമാധാനത്തിനുവേണ്ടിയുള്ള തമിഴ് ഭാഷയിലെ പ്രാര്‍ഥന ചൊല്ലിയത്. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം പ്രത്യേക വാഹനത്തില്‍ മാര്‍പാപ്പ ജനക്കൂട്ടത്തിനിടയിലൂടെ സഞ്ചരിക്കുകയും ആശീര്‍വദിക്കുകയും ചെയ്തു. ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ അരലക്ഷത്തിലധികം ആളുകള്‍ സന്നിഹിതരായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ ദേശീയപതാകകളേന്തിയാണ് ചടങ്ങില്‍ പങ്കെടുത്തത്.

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, ബോംബെ ആര്‍ച്ച്ബിഷപ് ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് എന്നിവരെക്കൂടാതെ ഇന്ത്യയില്‍നിന്നുള്ള 22 മെത്രാന്മാരും നിരവധി വൈദികരും സന്യസ്തരും ആയിരത്തിലേറെ അല്മായരും തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു. തമിഴ്നാട് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി കെ.എസ്. മസ്താന്‍ പങ്കെടുത്തു. എന്നാല്‍ ഒട്ടനവധി ഇന്ത്യക്കാർക്ക് വത്തിക്കാന്‍ വീസ നല്‍കിയില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്തിനു സമീപം നട്ടാലത്തു ജനിച്ച നീലകണ്ഠപിള്ളയാണ് പില്‍ക്കാലത്തു ക്രിസ്തുമതം സ്വീകരിച്ച് ദേവസഹായം പിള്ളയായത്. ക്രിസ്തുമതവിശ്വാസിയായി ജീവിച്ച ദേവസഹായം പിള്ള കാറ്റാടിമലയില്‍ വെടിയേറ്റു മരിക്കുകയായിരുന്നു. നാഗര്‍കോവില്‍ കോട്ടാര്‍ സെന്‍റ് സേവ്യേഴ്സ് ദേവാലയത്തിലാണു മൃതദേഹം അടക്കം ചെയ്തിരിക്കുന്നത്. വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിയായ ദേവസഹായം പിള്ളയെ 2012 ഡിസംബര്‍ രണ്ടിന് മാര്‍പാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിരുന്നു.

ദേവസഹായം പിള്ളയോടൊപ്പം മറ്റു ഒന്പതു വാഴ്ത്തപ്പെട്ടവരെയും മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. വിശുദ്ധരായി പ്രഖ്യാപിക്കുന്നവരില്‍ അഞ്ചു വാഴ്ത്തപ്പെട്ടവര്‍ ഇറ്റലിക്കാരാണ്. മൂന്നു പേര്‍ ഫ്രഞ്ചുകാരും ഒരാള്‍ ഹോളണ്ടുകാരനുമാണ്.

ഹോളണ്ട് സ്വദേശി ടൈറ്റസ് ബ്രാന്‍ഡ്സ്മ, ഫ്രഞ്ച് വൈദികന്‍ സേസര്‍ ദെ ബ്യു, ഇറ്റലി സ്വദേശികളായ വൈദികര്‍ ലൂയിജി മരിയ പലാസോളോ, ജസ്റ്റിൻ റുസ്സൊലീലൊ, ഫ്രാന്‍സുകാരനായ സന്ന്യസ്തന്‍ ചാള്‍സ് ദെ ഫുക്കോ, ഫ്രഞ്ചുകാരിയായ മരീ റിവിയെ, ഇറ്റലിക്കാരികളായ അന്ന മരിയ റുബാത്തോ, കരോലീന സാന്തൊകനാലെ, മരിയ മന്തൊവാനി എന്നിവരെയാണ് ദേവസഹായം പിള്ളയോടൊപ്പം വിശുദ്ധരായി പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം മൂലം 2019 ല്‍ നിര്‍ത്തിവച്ചിരുന്ന വിശുദ്ധ പ്രഖ്യാപനമായിരുന്നു ഇത്.