സംഗീത ആൽബം "നിലാത്തുള്ളി' റിലീസ് മേയ് 20 ന്
Saturday, May 14, 2022 8:20 AM IST
ബിനു ജോർജ്
കെന്‍റ് (യുകെ): അനാമിക കെന്‍റ് യുകെയുടെ നാലാമത്തെ സംഗീത ആൽബം "നിലാത്തുള്ളി' റിലീസിനൊരുങ്ങുന്നു. മേയ് 20 നു (വെള്ളി) രാത്രി 7.30 നു ഗർഷോം ടീവിയിലാണ് പ്രകാശനം.

യുകെ യുടെ പ്രിയഗായകൻ റോയ് സെബാസ്റ്റ്യൻ ആലാപനം നിർവഹിച്ചിരിക്കുന്ന ആൽബത്തിന് ഈണം നൽകിയിരിക്കുന്നത് സംഗീതാധ്യാപകനും മികച്ച സംഗീതസംവിധായകനുമായ പ്രസാദ് എൻ.എ. ആണ്. പ്രതീഷ് വി. ജെയുടേതാണ് ഓർക്കസ്ട്ര.

യുകെയിലെ പ്രശസ്ത കവയിത്രിയും നോവലിസ്റ്റുമായ ബീനാ റോയിയുടേതാണ് നിലാത്തുള്ളിയുടെ വരികൾ. ഭാവസുന്ദരവും ആഴമാർന്നതുമായ എഴുത്തുകളുടെ ഉടമയാണ് ബീനാ റോയ്. 'ക്രോകസിന്‍റെ നിയോഗങ്ങൾ', 'പെട്രോഗ്രാദ് പാടുന്നു' എന്ന രണ്ട് കവിതാസമാഹാരങ്ങളും, 'സമയദലങ്ങൾ' എന്ന ചിന്തോദ്ദീപകമായ പുതിയ നോവലും വായനക്കാർ ഏറ്റുവാങ്ങിയിട്ടുണ്ട്. സാഹിത്യലോകത്ത് സുപരിചിതയായ ബീനാ റോയി എഴുതിയ പന്ത്രണ്ടാമത്തെ സംഗീത ആൽബമാണ് "നിലാത്തുള്ളി'യിലേത്.

അനാമിക കെന്‍റ് യുകെയുടെ മുൻ ആൽബങ്ങളായ 'സ്വരദക്ഷിണയും', 'ബൃന്ദാവനിയും', 'ഇന്ദീവരവും', സംഗീതമേന്മക്കൊണ്ടും മികച്ച ആലാപനംകൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.