ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ക്ലബ് വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും
Thursday, May 5, 2022 11:22 PM IST
ജോർജ് ജോൺ
ഫ്രാങ്ക്ഫര്‍ട്ട്∙ ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫമീലിയന്‍ ഫെറയിന്‍ ഫ്രാങ്ക്ഫര്‍ട്ടിന്‍റെ വാര്‍ഷികപൊതുയോഗവും തെരഞ്ഞെടുപ്പും ബൊണാമസ്സിലെ സാല്‍ബൗ ക്ലബ് റൂമില്‍ നടത്തി.

പ്രസിഡന്‍റ് ജോസഫ് പീലിപ്പോസിന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കുകളും ജോര്‍ജ് ജോസഫും സേവ്യർ പള്ളിവാതുക്കലും യഥാക്രമം അവതരിപ്പിച്ചു. തുടർന്നു സ്പോര്‍ട്സ് ക്ലബിന്‍റെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം പുതിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു.

സ്പോർട്സ് ഹാളില്‍ കൊറോണ നിബന്ധനകള്‍ പാലിച്ചു ട്രെയിനിംഗ് നടത്തുന്നു. ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ്, ഫാമിലി മീറ്റ്, ന്യൂ ഇയര്‍ ആഘോഷം എന്നിവ മുടക്കം കൂടാതെ നടത്തി. 2022ൽ 50 വർഷം പൂർത്തിയാക്കിയതിന്‍റെ വാർഷികാഘോഷം കലാ കായിക പരിപാടികളോടെ വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി ഈ വർഷം ബാഡ്മിന്‍റൺ, വോളിബോൾ ടൂർണമെന്‍റുകൾ സംഘടിപ്പിക്കും.

തുടർന്നു പുതിയ ഭാരവാഹികളായി ജോസഫ് ഫിലിപ്പോസ് (പ്രസിഡന്‍റ്), ജോർജ് ജോസഫ് (വൈസ് പ്രസിഡന്‍റ്) , സേവ്യർ പള്ളിവാതുക്കൽ (ട്രഷറർ), യൂത്ത് പ്രതിനിധിയായി അരുൺകുമാർ അരവിന്ദാക്ഷൻ നായർ, സന്തോഷ് കോറോത്, തോമസ് ദേവസിയ (ഓഡിറ്റർ) എന്നിവരെ ഏകകണ്ഠേന തെരഞ്ഞെടുത്തു.

ആന്‍റണി തേവർപാടം, ജോൺ മാത്യു എന്നിവർ വരണാധികാരികൾ ആയിരുന്നു. ഗോൾഡൻ ജുബിലി ആഘോഷ പരിപാടികൾക്കു നേതൃത്വം നൽകാൻ ആന്‍റണി തേവർപാടം, ജോൺ മാത്യു, തോമസ് ദേവസ്യ, നിഖിൽ സാംബശിവൻ, ഗ്രേസി പള്ളിവാതുക്കൽ എന്നിവരടങ്ങുന്ന പ്രത്യേക കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

ജർമനിയിൽ 50 വർഷം പൂർത്തിയാക്കുകയും ഇന്നും സജീവമായി നിലനിൽക്കുകയും ചെയുന്ന ഏക മലയാളി സ്പോർട്സ് ക്ലബ് ആണ് ഇന്ത്യൻ സ്പോർട്സ് ആൻഡ് ഫാമിലി ഫെറയിൻ ഫ്രാങ്ക്ഫർട്ട്. ക്ലബ് അംഗങ്ങൾ എല്ലാ ശനിയാഴ്ചയും ബാഡ്മിന്‍റൺ, വോളിബോൾ ഇനങ്ങളിൽ പരിശീലിച്ചു വരുന്നു. ക്ലബ് എല്ലാ വർഷവും ബാഡ്മിന്‍റൺ ടൂർണമെന്‍റ്, ഫാമിലി മീറ്റ്, പുതുവത്സര ആഘോഷം എന്നിവ നടത്തിവരുന്നു. ഫ്രാങ്ക്ഫർട്ടിൽ പുതിയതായി കുടിയേറുന്ന കായിക പ്രേമികളായ ഇന്ത്യൻ കുടംബങ്ങൾക്കു പ്രത്യേകിച്ചു മലയാളികൾക്കു ഗൃഹാതുരത്വം മറക്കുവാൻ ക്ലബ് ഒരു നല്ല പങ്കു വഹിച്ചു വരുന്നു.

Contact : [email protected]