സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്‍റര്‍ (എസ്എംസിസി) ഉദ്ഘാടനം ചെയ്തു
Sunday, April 3, 2022 11:16 AM IST
മെല്‍ബണ്‍: സീറോ മലബാര്‍ സഭാ പാരമ്പര്യങ്ങളും കേരളത്തിന്‍റെ സാംസ്കാരികവും കലാപരവുമായ പൈതൃകങ്ങളും വരുംതലമുറയ്ക്ക് പകര്‍ന്ന് നല്‍കാനായി സെന്‍റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയുടെ നേതൃത്വത്തില്‍ രൂപംകൊടുത്തിട്ടുള്ള സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനം മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബോസ്കോ പുത്തൂര്‍ നിര്‍വഹിച്ചു.

ഓസ്ട്രേലിയയിലെ സീറോ മലബാര്‍ ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം നമ്മുടെ സംസ്കാരവും വിശ്വാസവും ഓസ്ട്രേലിയന്‍ സമൂഹത്തില്‍ പങ്കുവയ്ക്കാന്‍ കടപ്പെട്ടവരാണെന്ന് സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്‍ററിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് നല്കിയ വീഡിയൊ സന്ദേശത്തിലൂടെ പിതാവ് ഓര്‍മ്മിപ്പിച്ചു.

സാസ്കാരികമായ വൈവിധ്യമുള്ള ജനങ്ങള്‍ അധിവസിക്കുന്ന ഓസ്ട്രേലിയയില്‍ നമ്മുടെ സംസ്കാരത്തിന്‍റേയും ഭാഷയുടെയും വിശ്വാസത്തിന്റെയും ധാര്‍മ്മികമൂല്യങ്ങള്‍ പകര്‍ന്നു നല്കാനും ഓസ്ട്രേലിയന്‍ രാജ്യത്തോടും ജനങ്ങളോടുമുള്ള ക്രിയാത്മകമായ സഹകരണത്തിനും സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്ററിനു സാധിക്കട്ടെ എന്ന് പിതാവ് ആശംസിച്ചു.
റോക്സ്ബര്‍ഗ് പാര്‍ക്ക്, റിസര്‍വോ സെന്ററുകളില്‍ ഡയറക്റും കത്തീഡ്രല്‍ വികാരിയുമായ ഫാദര്‍ വര്‍ഗീസ് വാവോലിലും ഭാരവാഹികളും ചേര്‍ന്ന് ദീപംകൊളുത്തി സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്‍ററിനു സമാരംഭം കുറിച്ചു.

മലയാള ഭാഷയും സീറോ മലബാര്‍ സഭയുടെയും കേരളത്തിന്‍റേയും ചരിത്രം പഠിപ്പിക്കുന്നതിനുമുള്ള വേദിയൊരുക്കുക, സീറോ മലബാര്‍ പാരമ്പര്യവും സംസ്കാരവും പകര്‍ന്നു നല്കാന്‍ കഴിയുന്ന വസ്തുക്കള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള മ്യൂസിയം സ്ഥാപിക്കുക, കേരളീയ തനതുശൈലിയിലുള്ള ഭക്ഷണം ഒരുക്കുവാനുള്ള പരിശീലനം നല്കുക, മലയാള ഭാഷാ പുസ്തകങ്ങളുടെ ശേഖരം ഉള്‍പ്പെട്ട ലൈബ്രറിക്ക് രൂപം നല്കുക, കേരളീയ കലകളുടെ പരിശീലനത്തിനുവേദിയൊരുക്കുക തുടങ്ങിയവയാണ് സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്റര്‍ ലക്ഷ്യം വയ്ക്കുന്നത്.

പോള്‍ സെബാസ്റ്റ്യന്‍