എഐസി ദേശീയ സമ്മേളനം ഫെബ്രുവരി 5,6 തീയതികളിൽ ഹീത്രൂവിൽ
Saturday, January 29, 2022 7:20 AM IST
ലണ്ടൻ: സിപിഎം ഇരുപത്തിമൂന്നാം പാർട്ടികോൺഗ്രസിനു മുന്നോടിയായി പാർട്ടിയുടെ അന്താരാഷ്ട്ര വിഭാഗമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ് (AIC) 19-ാം ദേശീയ സമ്മേളനം ഫെബ്രുവരി അഞ്ച്, ആറ് (ശനി, ഞായർ) തീയതികളിൽ ലണ്ടൻ ഹീത്രൂവിൽ ചേരും.

സമ്മേളന നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘവും വിവിധ സബ്‌കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. കാൾ മാർക്സിന്‍റെ ശവകുടീരത്തിൽ നിന്ന് നൂറുകണക്കിന് പാർട്ടിപ്രവർത്തകർ പങ്കെടുത്ത റാലിയായി എത്തിച്ച രക്തപതാക സമ്മേളന നഗറിൽ ഉയർത്തും.

സമ്മേളനത്തിന്‍റെ ആദ്യദിനത്തിൽ കലാസാംസ്കാരിക സന്ധ്യയും പൊതുസമ്മേളനവും നടക്കും. ബ്രിട്ടനിലെയും അയർലൻഡിലേയും വിവിധ പ്രദേശങ്ങളിൽനിന്ന് എത്തിച്ചേരുന്നവർ പങ്കെടുക്കുന്ന പൊതുസമ്മേളനം സിപിഎം ജനറൽ സെക്രട്ടറി സ.സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. പാർട്ടിയുടെ പ്രമുഖ നേതാക്കൾ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.

പൊതുസമ്മേളനത്തിലെ കലാ സാംസ്കാരികസന്ധ്യ ഒരുക്കുന്നത് പുതുതായി രൂപീകൃതമാവുന്ന പുരോഗമന കലാസാംസ്കാരിക സംഘടനയായ കൈരളി യുകെ ആണ്. സമ്മേളനത്തിന്‍റെ ഭാഗമായി പാർട്ടിയുടെ യുകെയിലെ ചരിത്രം വിളിച്ചോതുന്ന എക്സിബിഷൻ , സോഷ്യലിസ്റ്റ് റാഫിൾ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട് .

പാർട്ടിയുടെ ബ്രാഞ്ചുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം ഫെബ്രുവരി ആറിനു ഹരിദേവ് ദാസൻജ് നഗറിൽ നടക്കും.

പൊതുസമ്മേളനത്തിൽ പങ്കെടുക്കുവാൻ മുഴുവൻ മതേതര ജനാധിപത്യവിശ്വാസികളെയും സെക്രട്ടറി ഹർസെവ് ബെയ്‌ൻസ്‌ സ്വാഗതസംഘം ഭാരവാഹികളായ ബിനോജ് ജോൺ, രാജേഷ് കൃഷ്ണ എന്നിവർ സ്വാഗതം ചെയ്തു.

ബിജു ഗോപിനാഥ്