എയിംന ഇ-മാഗസിൻ പുറത്തിറക്കി
Thursday, January 27, 2022 12:44 PM IST
ന്യൂഡൽഹി: മലയാളി നഴ്സുമാരുടെ ഫേസ്ബുക്ക് കൂട്ടായ്മ എയിംനയുടെ ആഭിമുഖ്യത്തിൽ ഇ-മാഗസിൻ പുറത്തിറക്കി. സൂം പ്ലാറ്റ്ഫോമിൽ നടന്ന പ്രകാശന ചടങ്ങിൽ ഐക്യരാഷ്ട്രസഭ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി ആണ് മാസികയുടെ പ്രകാശനം നിർവഹിച്ചത്.

നഴ്സിംഗ് സമൂഹത്തിന്‍റെ സേവനങ്ങളെ അംഗീകരിക്കുവാൻ മലയാളികൾ വിമുഖത കാണിക്കുന്നുവെങ്കിലും മലയാളി നഴ്സുമാരുടെ സേവനങ്ങളെ ലോകം വിലമതിക്കുന്നുവെന്ന് ഉദ്ഘാടനപ്രസംഗത്തിൽ മുരളി തുമ്മാരുകുടി അഭിപ്രായപ്പെട്ടു.

ലോകമെമ്പാടുമുള്ള മലയാളി നഴ്സുമാരെ ഒരു കുടക്കീഴിൽ അണിനിരത്തിയ ഫേസ്ബുക്ക് ഗ്രൂപ്പായ എയിംനയിൽ നിലവിൽ ഒരു ലക്ഷത്തിലേറെ അംഗങ്ങൾ ഉണ്ട്. ആദ്യമായാണ്
നഴ്‌സുമാരുടെ ഇടയിൽ നിന്ന് ഒരു ഇ-മാഗസിൻ പുറത്തിറക്കുന്നതെന്ന്‌ ചീഫ് എഡിറ്റർ ഷാനി ടി. മാത്യു പറഞ്ഞു.

ലേഖനങ്ങളും കഥയും പാചകക്കുറിപ്പുകളും ജീവിതാനുഭവങ്ങളും ഉൾപ്പെടുത്തിയാണ് മാസിക തയാറാക്കിയത്.

രക്ഷാധികാരി സിനു ജോൺ കറ്റാനം അധ്യക്ഷത വഹിച്ച യോഗത്തിൽ മാത്യു വർഗീസ് മോഡറേറ്ററായിരുന്നു. മാസിക എഡിറ്റർ ഇൻ ചാർജ് റീന സാറാ വർഗീസ് നന്ദി പറഞ്ഞു.

റെജി നെല്ലിക്കുന്നത്ത്