ലിവർപൂളിൽ വിമൻസ് ഫോറം പ്രവർത്തന വർഷ ഉദ്ഘാടനം നടത്തി
Tuesday, November 23, 2021 12:43 PM IST
ലിവർപൂൾ: ലിവർപൂൾ സമാധാന രാജ്ഞിയുടെ ഇടവകയിലെ വിമൻസ് ഫോറത്തിന്‍റെ പ്രവർത്തന വർഷ ഉദ്ഘാടനം സാഘോഷം നടന്നു. രൂപതാ വിമൻസ് ഫോറം കമ്മീഷൻ ചെയർപേഴ്സൻ റവ. സി. കുസുമം എസ് എച്ച് മുഖ്യാതിഥിയായിരുന്നു. ഇടവക വികാരി ഫാ. ആൻഡ്രൂസ് ചെതലൻ അനുഗ്രഹ പ്രഭാഷണം നടത്തി. വിമൻസ് ഫോറം പ്രസിഡൻ്റ് ജെസ്സി റോയി അദ്ധ്യക്ഷത വഹിച്ചു.

ഇടവകയിലെ പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഫിസിക്കൽ ഫിറ്റ്നസ്സിനെക്കുറിച്ച് സച്ചിൻ ജെയിംസ് ക്ലാസ്സ് നയിച്ചു. യു കെയിൽ എത്തിയിട്ടുള്ള ആരെയും നർമ്മം കലർത്തി ചിന്തിപ്പിക്കുന്ന സ്കിറ്റ് ഏവരുടെയും ശ്രദ്ധയാകർഷിച്ചു. സംഘടനാംഗമായ അനു തോമസ് രചനയും സംവിധാനവും നിർവ്വഹിച്ച് ജാൻസി ജോർജിൻ്റെ നേതൃത്വത്തിൽ സംഘടനാംഗങ്ങൾ തന്നെ അവതരിപ്പിച്ച സ്കിറ്റ് യു കെ ജീവിതത്തിൻ്റെ നേർകാഴ്ചയായിരുന്നു.വിമൻസ് ഫോറം പ്രെസ്റ്റൻ റീജിയൻ പ്രസിഡൻ്റ് റെൻസി ഷാജു, യൂണിറ്റ് സെക്രട്ടറി സിസിലി രാജു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കമ്മിറ്റി അംഗങ്ങളായ ബെറ്റ്സി രാജു, മനുമോൾ മാത്യു, മേരിക്കുട്ടി സാലൻ, രാജി സന്തോഷ്, സ്മിത ജെറീഷ് എന്നിവർ നേതൃത്വം നൽകി. അംഗങ്ങൾ ഒരുമിച്ച് ആലപിച്ച വിമൻസ് ഫോറം ആൻഥത്തോടെ യോഗം അവസാനിച്ചു.

ഷൈമോൻ തോട്ടുങ്കൽ