ആദിൽ അൻസാറിന്‍റെ പുതിയ ഗാനം ‘മക്കാ മണൽത്തരി’ പുറത്തിറങ്ങി
Saturday, July 24, 2021 7:24 AM IST
ഡബ്ലിൻ :അയർലൻഡ് മലയാളികളുടെ പ്രിയ ഗായകൻ സാബു ജോസഫ് സംഗീത സംവിധാനം നിർവഹിച്ച് ആദിൽ അൻസാർ ആലപിച്ച ‘ മക്കാ മണൽത്തരി’ എന്ന ഗാനം പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു.

ഹനീഫ ബാബുവിന്റെ വരികൾക്ക് ഓർക്കസ്ട്രഷൻ നിർവഹിച്ചിരിക്കുന്നത് കെ.ടി. ജയപ്രകാശ്
ആണ്. അയർലൻഡിന്‍റെ മനോഹാരിതയും തമിഴ് ബീറ്റ്സ് ഡാൻസ് ഗ്രൂപ്പിന്റെ കൊറിയോഗ്രഫിയും ഈ ഗാനത്തെ തികച്ചും വ്യത്യസ്തമാക്കുന്നു. രതിശങ്കറിന്റെ മേൽനോട്ടത്തിൽ അയർലൻഡിലെ അറിയപ്പെടുന്ന കലാകാരന്മാരാണ് ഈ ഗാനത്തിൽ നൃത്തം ചെയ്തിരിക്കുന്നത്.

ഫോട്ടോ ഫാക്ടറി അയർലൻഡ് ചിത്രീകരിച്ച ഈ ഗാനം ബ്രൈറ്റ് എ എം ജെ എന്‍റർടൈൻസ്മെന്‍റിന്‍റെ ബാനറിൽ റിലീസായി ഇതിനോടകം തന്നെ അന്പതിനായിരത്തിലധികം പേർ കണ്ടു കഴിഞ്ഞിരിക്കുന്നു.

റിപ്പോർട്ട് :ജെയ്സൺ കിഴക്കയിൽ