ഡെല്‍റ്റ വകഭേദം: ജര്‍മനിയില്‍ ആശങ്ക വര്‍ധിക്കുന്നു
Friday, June 18, 2021 9:33 PM IST
ബര്‍ലിന്‍: കൊറോണ വൈറസിന്‍റെ വകഭേദം ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ യൂറോപ്പില്‍ ആശങ്കയ്ക്കു കാരണമാകുന്നു. യുകെയില്‍ ഇത് വ്യാപകമായി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ രാജ്യത്തെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ നീട്ടിവച്ചിരിക്കുകയാണ്.

ജര്‍മനിയിലും ഡെല്‍റ്റ വേരിയന്‍റ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായണ് കാണുന്നത്. യുകെയില്‍ ആദ്യമായി കണ്ടെത്തിയ ആല്‍ഫ വേരിയന്‍റിനെ അപേക്ഷിച്ച് 30 ശതമാനം മുതല്‍ 100 ശതമാനം വരെ അധികം വേഗത്തില്‍ പടരുന്നതാണ് ഡെൽറ്റ. ആല്‍ഫ വകഭേദം ബാധിക്കുന്നവരെ അപേക്ഷിച്ച് ഇരട്ടി ആളുകള്‍ക്കാണ് ഡെല്‍റ്റ വകഭേദം ബാധിച്ചാല്‍ ആശുപത്രി പ്രവേശനം ആവശ്യമായി വരുന്നത്.

നിലവില്‍ യുകെയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ 90 ശതമാനവും ഡെല്‍റ്റ വേരിയന്‍റ് കാരണമാണ്. രാജ്യത്ത് 45 ശതമാനം പേര്‍ വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞെങ്കിലും രോഗവ്യാപന നിരക്ക് ലക്ഷത്തിന് 70 എന്ന നിലയിലേക്ക് വീണ്ടും ഉയര്‍ന്നിരിക്കുകയാണ്.

ജര്‍മനിയിലും വൈകാതെ ഏറ്റവും കൂടുതല്‍ വ്യാപനം ഡെല്‍റ്റ വകഭേദം വഴിയാകുമെന്നാണ് നിഗമനം. രാജ്യത്തെ പുതിയ കേസുകളില്‍ 94 ശതമാനം വരെ ഡെല്‍റ്റ വേരിയന്‍റ് കാരണമാണ്.

ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് രാജ്യത്തെ ജനസംഖ്യയുടെ 49.5 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ടെന്നും 28.8 ശതമാനം പേര്‍ കോവിഡിനെതിരെ പൂര്‍ണ്ണമായും വാക്സിനേഷന്‍ എടുത്തിട്ടുണ്ടെന്നും ആണ്. ഏഴു ദിവസത്തിനുള്ളില്‍ ഒരു ലക്ഷം ആളുകള്‍ക്ക് കേസുകളുടെ എണ്ണം ഇന്‍സിഡെന്‍സ് റേറ്റ് 10.3 ആയി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ