അന്താരാഷ്ട്ര യോഗ ദിനത്തിൽ ഡിഎംഎയുടെ യോഗാചരണം സൂമിലൂടെ
Friday, June 18, 2021 7:16 PM IST
ന്യൂഡൽഹി: അന്താരാഷ്ട്ര യോഗാ ദിനമായ ജൂൺ 21 ന് (തിങ്കൾ) രാവിലെ 7 ന് ഡൽഹി മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ സൂമിലൂടെ യോഗ സംഘടിപ്പിക്കുന്നു.

പ്രശസ്‌ത യോഗാചാര്യനും സ്‌പിരിച്വൽ യോഗ അലൈൻസിന്‍റെ സ്ഥാപകനുമായ സൗരഭ് കുമാർ യോഗയെക്കുറിച്ചും ദൈനംദിന ജീവിതത്തിൽ യോഗയുടെ പ്രാധാന്യവും യോഗ അനുഷ്ഠിക്കുന്നതുമൂലം ശരീരത്തിനും മനസിനും ലഭ്യമാകുന്ന ആത്മ സംതൃപ്‌തിയെയും ആരോഗ്യത്തെക്കുറിച്ചും പ്രതിപാദിക്കും.

ഭാരതം ലോകത്തിനു നൽകിയ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായമായ യോഗ സാധാരണ ജനങ്ങളിലേക്ക് പകരാനും യോഗയെപ്പറ്റി കൂടുതൽ മനസിലാക്കിക്കൊടുക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു പരിപാടികൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഡിഎംഎ പ്രസിഡന്‍റ് കെ. രഘുനാഥ് പറഞ്ഞു.

ഏവർക്കും ഉപകാരപ്രദമായ ഈ പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും സൂം ലിങ്കിനും ഡിഎംഎ പ്രതിമാസ പ്രോഗ്രാം കൺവീനർ കെ എസ് അനില 9868114504 , ഡിഎംഎ അഡീഷണൽ ജനറൽ സെക്രട്ടറി കെ ജെ ടോണി 9810791770 എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോർട്ട്: പി.എൻ. ഷാജി