ഷെങ്കന്‍ രാജ്യങ്ങള്‍ ഇന്ത്യന്‍ ഫ്ളൈറ്റുകള്‍ക്ക് നിരോധനവും യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങളും കര്‍ശനമാക്കി
Friday, April 30, 2021 9:03 PM IST
ബ്രസല്‍സ്: കോവിഡ് വ്യാപനം അതിതീവ്രമായി പടരുന്ന പശ്ചാത്തലത്തില്‍ ഷെങ്കന്‍ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള ഫ്ളൈറ്റുകള്‍ക്ക് നിരോധനവും യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങളും കര്‍ശനമാക്കി.

നിലവില്‍ ഓസ്ട്രിയ, സ്പെയിന്‍, ചെക്ക് റിപ്പബ്ളിക്, നെതര്‍ലാന്‍ഡ്സ്, ബ്രിട്ടന്‍, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി,സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ നേരത്തെ തന്നെ ഇന്ത്യയെ ഹോട്ട് സ്പോട്ട് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിക്കുകയാണ്. അതുപോലെ ഷെങ്കന്‍ രാജ്യങ്ങളില്‍ താസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ജര്‍മനി വഴിയുള്ള ട്രാന്‍സിറ്റ് യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഷെങ്കന്‍ സോണില്‍പ്പെടാത്ത രാജ്യക്കാര്‍ക്ക് ജര്‍മനിവഴി ട്രാന്‍സിറ്റ് അനുവദിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് 10 മുതല്‍ 14 ദിവസം വരെയാണു ഷെങ്കന്‍ രാജ്യങ്ങളില്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമാക്കിയിരിയ്ക്കുന്നത്. എന്നാല്‍ ഇയു രാജ്യങ്ങളിലെ പൗരന്മാര്‍ക്കും റസിഡന്റ് പെര്‍മിറ്റ് ഉള്ളവര്‍ക്കും ക്വാറന്‍റീന്‍ നിയമങ്ങള്‍ പാലിച്ചു രാജ്യത്തു പ്രവേശിക്കാന്‍ അനുമതിയുണ്ട്.

നിരോധന നടപടി ഏപ്രില്‍ 28 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ഇരു രാജ്യങ്ങളും തമ്മില്‍ നേരിട്ട് വിമാന സര്‍വീസുകളില്ലാത്തതിനാല്‍ മൂന്നാം രാജ്യങ്ങളിലൂടെ ഇന്ത്യയില്‍ നിന്ന് സ്പെയിനിലേക്ക് പോയ എല്ലാവര്‍ക്കും ഇത് ബാധകമാകുമെന്നും സ്പാനിഷ് സര്‍ക്കാര്‍ വക്താവ് മരിയ ജീസസ് മോണ്ടെറോ വെളിപ്പെടുത്തി. ഇപ്പോള്‍ ഇന്ത്യയിലുള്ള എല്ലാ സ്പാനിഷ് പൗരന്മാരും എത്രയും വേഗം സ്പെയിനിലേക്ക് മടങ്ങണമെന്ന് ഇന്ത്യയിലെ സ്പെയിന്‍ എംബസി ശിപാര്‍ശ ചെയ്തു. മേയ് ഒന്നു വരെയാണ് നിരോധനം.

കോവിഡിന്‍റെ ഇന്ത്യൻ വകഭേദം കുടുതല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ കണ്ടുവരുന്നതില്‍ യൂറോപ്പ് ആശങ്കയിലാണ്.യാത്ര നിരോധിച്ച രാജ്യങ്ങളില്‍ മിക്കവയും ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്കു പുറമെ സ്വകാര്യ ജെറ്റുകള്‍ക്കും, കാര്‍ഗോ വിമാനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ