ബ്രെക്സിറ്റ് പൂര്‍ണം; യുകെയില്‍ പുതുയുഗം
Friday, January 1, 2021 9:29 PM IST
ലണ്ടന്‍: ബ്രെക്സിറ്റ് ട്രാന്‍സിഷന്‍ സമയവും 2020 ഡിസംബര്‍ 31ന് അര്‍ധരാത്രി അവസാനിച്ചതോടെ ബ്രിട്ടനില്‍ പുതുയുഗപ്പിറവി. യുകെയുടെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിന്‍റെ അവസാനത്തെ ശേഷിപ്പും 2021 ജനുവരി ഒന്നോടെ അവസാനിച്ചു.

യാത്ര, വ്യാപാരം, കുടിയേറ്റം, സുരക്ഷാ സഹകരണം എന്നിവയുടെ കാര്യത്തില്‍ പുതിയ സംവിധാനങ്ങള്‍ നിലവില്‍ വന്നതോടെ യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളില്‍ നിന്ന് യുകെ പൂര്‍ണമുക്തമായി.

2019 ഡിസംബര്‍ 31ന് അര്‍ധരാത്രി തന്നെ ബ്രെക്സിറ്റ് ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്നിരുന്നെങ്കിലും ഒരു വര്‍ഷത്തേക്ക് ട്രാന്‍സിഷന്‍ സമയം അനുവദിച്ചിരുന്നു.

സുദീര്‍ഘമായ ബ്രെക്സിറ്റ് നടപടിക്രമങ്ങള്‍ അവസാനിച്ചതോടെ സ്വാതന്ത്ര്യം യുകെയുടെ കൈകളിലെത്തിയെന്നും കാര്യങ്ങള്‍ വ്യത്യസ്തമായും കൂടുതല്‍ മെച്ചമായും ചെയ്യാന്‍ ഇനി യുകെയ്ക്കു സാധിക്കുമെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അവകാശപ്പെട്ടു.

പുതിയ നിയമങ്ങളും ചട്ടങ്ങളും പ്രാബല്യത്തില്‍ വന്ന സാഹചര്യത്തില്‍ ഇവയുമായി പൊരുത്തപ്പെടുന്നതിന് ഏതാനും ദിവസങ്ങള്‍ എടുക്കുമെന്നും അതുവരെ അല്‍പ്പം കാലതാമസം പല കാര്യങ്ങളിലും പ്രതീക്ഷിക്കാമെന്നും ബ്രിട്ടീഷ് മന്ത്രിമാരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ