അന്താരാഷ്ട്ര നൃത്തോത്സവത്തിന് ലണ്ടനിൽ തിരശീല ഉയർന്നു
Thursday, November 19, 2020 9:47 PM IST
ലണ്ടൻ : കൊച്ചിൻ കലാഭവൻ ലണ്ടൻ അവതരിപ്പിക്കുന്ന ഓൺലൈൻ രാജ്യാന്തര നൃത്തോത്സവത്തിന് ലണ്ടനിൽ തിരശീല ഉയർന്നു. നവംബർ 15 ന് പ്രശസ്ത ചലച്ചിത്ര താരവും നർത്തകിയുമായ ലക്ഷ്‌മി ഗോപാലസ്വാമി ലണ്ടൻ ഇന്‍റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ലക്ഷ്‌മി ഗോപാലസ്വാമി അവതരിപ്പിച്ച നൃത്ത പ്രദർശനവും നടന്നു. നൃത്തോത്സവത്തിന്‍റെ ആദ്യ ദിനത്തിൽ പ്രശസ്ത നർത്തകി ജയപ്രഭ മേനോന്‍റെ മോഹിനിയാട്ടം അരങ്ങേറി.

കലാഭവൻ ലണ്ടൻ വീ ഷാൽ ഓവർ കം കോഓർഡിനേറ്റർമാരായ ദീപ നായരും റെയ്‌മോൾ നിധിരിയും ചേർന്നാണ് ഉദ്ഘാടന ദിവസത്തെ പരിപാടികൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്. തുടർന്നുള്ള എല്ലാ ഞായറാഴ്ചകളിലും യുകെസമയം ഉച്ചകഴിഞ്ഞ്‌ മൂന്നിന് (ഇന്ത്യൻ സമയം 8.30) ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നർത്തകർ കൊച്ചിൻ കലാഭവൻ ലണ്ടന്‍റെ "വീ ഷാൽ ഓവർ കം' എന്ന ഫേസ്ബുക് പേജിലൂടെ ലൈവ് ആയി നൃത്ത പരിപാടികൾ അവതരിപ്പിക്കും.

മൂന്ന് വിഭാഗങ്ങളായാണ് നൃത്തോത്സവം അരങ്ങേറുന്നത്, നൃത്തോത്സവത്തിന്‍റെ ആദ്യ വിഭാഗത്തിൽ പ്രഫഷണൽ നർത്തകരുടെ പെർഫോമൻസ് ആയിരിക്കും. വളർന്നു വരുന്ന നർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ളതായിരിക്കും രണ്ടാമത്തെ വിഭാഗം. സോഷ്യൽ മീഡിയകളിൽ വൈറൽ ആയ പെർമൻസുകളായിരിക്കും മൂന്നാമത്തെ വിഭാഗത്തിൽ അവതരിപ്പിക്കപ്പെടുക.

നവംബർ 22 നു (ഞായർ) യുകെ സമയം ഉച്ചകഴിഞ്ഞ് മൂന്നിന് നൃത്ത്യ സ്‌കൂൾ ഓഫ് ആർട്ട് ബാംഗ്ലൂർ ഡയറക്ടറും പ്രശസ്ത നർത്തകിയുമായ ഗായത്രി ചന്ദ്രശേഖറും സംഘവും അവതരിപ്പിക്കുന്ന വിവിധ നൃത്ത പരിപാടികളായിരിക്കും അരങ്ങേറുന്നത്.

നൃത്തോത്സവത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പ്രഫഷണൽ / വളർന്നുവരുന്ന നർത്തകർ കലാഭവൻ ലണ്ടൻ വീ ഷാൽ ഓവർ കം ടീം അംഗങ്ങളുമായി ബന്ധപ്പെടുക.

കൊച്ചിൻ കലാഭവൻ സെക്രട്ടറി കെ.എസ്. പ്രസാദ്, കലാഭവൻ ലണ്ടൻ ഡയറക്ടർ ജെയ്സൺ ജോർജ്, കലാഭവൻ ലണ്ടൻ വീ ഷാൽ ഓവർ കം ഓർഗനൈസിംഗ് ടീം അംഗങ്ങങളായ റെയ്‌മോൾ നിധിരി, ദീപ നായർ, സാജു അഗസ്റ്റിൻ, വിദ്യ നായർ തുടങ്ങിയവരാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

യുകെയിലെ പ്രമുഖ എഡ്യൂക്കേഷൻ കമ്പനിയായ ട്യൂട്ടർ വേവ്സ് അലൈഡ് മോർട്ടഗേജ് സർവീസസ് , രാജു പൂക്കോട്ടിൽ തുടങ്ങിയവരാണ് നൃത്തോത്സവത്തിന്‍റെ സ്പോൺസർമാർ.

വിവരങ്ങൾക്ക്: www.kalabhavanlondon.com

ലൈവ് നൃത്തോത്സവം കാണുന്നതിനായി www.facebook.com/We-Shall-Overcome-100390318290703എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക