കാറിൽ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുന്നവരും മാസ്ക് ധരിക്കണം: ബിബിഎംപി
Friday, October 30, 2020 8:40 PM IST
ബംഗളൂരു: ഒരു കാറിൽ ഒറ്റയ്ക്ക് ഡ്രൈവിംഗ് ചെയ്യുന്നവരും നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ബൃഹത് ബംഗളുരു മഹാനഗര പാലിക പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങളിൽ പറയുന്നു.

എല്ലാ വാഹനം ഓടിക്കുന്നവരും മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണ്. അതത് കാറുകളിലോ മോട്ടോർ സൈക്കിളുകളിലോ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കും നിയമം ബാധകമാണ്. അല്ലാത്തപക്ഷം 250 രൂപ പിഴ ഒടുക്കേണ്ടി വരുമെന്ന് ബി‌ബി‌എം‌പി കമ്മീഷണർ എൻ. മഞ്ജുനാഥ് പ്രസാദ് പറഞ്ഞു.

കോവിഡ് ഒരു വൈറൽ അണുബാധയാണ്, ഇത് ചുമയ്ക്കുന്പോഴും തുമ്മുന്പോഴും സംസാരിക്കുമ്പോളും ശ്വസന തുള്ളികളിലൂടെയാണ് പ്രധാനമായും പകരുന്നത്. ഫെയ്‌സ്മാസ്ക് ധരിക്കുന്പോൾ ആരോഗ്യമുള്ള ഒരു വ്യക്തി സ്വയം പരിരക്ഷിക്കപ്പെടുന്നു. അതേസമയം രോഗം ബാധിച്ച ഒരാൾ ധരിക്കുമ്പോൾ അണുബാധ കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നത് തടയാനും കഴിയും - കമ്മീഷണൽ എൻ. മഞ്ജുനാഥ് പ്രസാദ് പറഞ്ഞു.