ഡോ: മരിയ പറപ്പിള്ളിക്ക് ഓര്‍ഡര്‍ ഓഫ് ഓസ്ട്രേലിയ പുരസ്കാരം
Tuesday, September 29, 2020 9:10 PM IST
മെൽബൺ: ഓസ്ടേലിയൻ മലയാളിയും ഫ്ലിൽഡേർസ് യൂണിവേഴ്സിറ്റി ഫിസിക്സ് അസോസിയേറ്റ് പ്രഫസറുമായ മരിയ പറപ്പിള്ളിക്ക് ഓര്‍ഡര്‍ ഓഫ് ഓസ്ട്രേലിയ പുരസ്കാരം. സെപ്റ്റംബർ 16 നു നടന്ന ചടങ്ങിൽ സൗത്ത് ഓസ്ട്രേലിയൻ ഗവർണറിൽ നിന്നും പുരസ്കാരം മരിയ ഏറ്റുവാങ്ങി. ഈ ബഹുമതി ലഭിക്കുന്ന ആദ്യ മലയാളി വനിതയാണ് മരിയ.

അഡ്‌ലൈഡിലെ ഫ്ലിൻഡേഴ്സ് യൂണിവേഴ്സിറ്റിയിൽ ഭൗതിക ശാസ്ത്രത്തില്‍ അസോസിയേറ്റ് പ്രഫസർ ആയ ഡോ. മരിയ ‌സ്റ്റെം (STEM) എൻറിച്ച്മെന്‍റ് അക്കാഡമിയുടെ മേധാവി കൂടിയുമാണ്.

സ്ത്രീകളുടെ STEM (Science, Technology, Engineering and Mathematics) വിദ്യാഭ്യാസത്തിനുള്ള സേവനം കണക്കിലെടുത്താണ് മരിയ ഈ ബഹുമതിക്ക് അർഹയാകുന്നത്. ഫിസിക്സ് ടീച്ചിംഗ് ഇന്നൊവേഷൻസിലും സയൻസ്, ടെക്നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്സ് (സ്റ്റെം) വിദ്യാഭ്യാസത്തിലും ധാരാളം സംഭാവനകൾ നൽകിയ മരിയ, ഓസ്ട്രേലിയയിലെ Women in STEM Leader ആണ്.

കാഞ്ഞിരപ്പള്ളി ചെമ്മലമറ്റം കുന്നേല്‍ അഡ്വ. ജോസഫ് ഏബ്രഹാമിന്‍റെ ഭാര്യയും നോര്‍ത്ത് പറവൂര്‍ പരേതനായ പറപ്പിള്ളി ഫ്രാന്‍സിസിന്‍റേയും റിട്ട. അധ്യാപിക ലീലയുടെയും മകളാണ്.

റിപ്പോർട്ട്: ജോര്‍ജ് തോമസ്­