കരാറില്‍ വെള്ളം ചേര്‍ത്താല്‍ നിയമ നടപടി: ബ്രിട്ടന് യൂറോപ്യന്‍ യൂണിയന്‍റെ മുന്നറിയിപ്പ്
Sunday, September 13, 2020 11:47 AM IST
ബ്രസല്‍സ് : ബ്രെക്സിറ്റ് പിന്‍മാറ്റ കരാറില്‍ വെള്ളം ചേര്‍ക്കാനാണ് ബ്രിട്ടന്‍റെ ഭാവമെങ്കില്‍ അതിനെതിരേ നിയമ നടപടി സ്വീകരിക്കാനും മടിക്കില്ലെന്ന് യൂറോപ്യന്‍ യൂണിയന്റെ മുന്നറിയിപ്പ്.

വ്യാപാര കാര്യങ്ങളില്‍ ബ്രിട്ടന്‍ പുതിയ ബില്‍ അവതരിപ്പിക്കുന്നത് ബ്രെക്സിറ്റ് കരാറിന്‍റെ ഗുരുതരമായ ലംഘനമായിരിക്കുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ വിലയിരുത്തല്‍. എന്നാല്‍, ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള നടപടിക്രമങ്ങളുമായി ബ്രിട്ടീഷ് സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്.

ബ്രിട്ടന്‍റെ ഇന്‍റേണല്‍ മാര്‍ക്കറ്റ് ബില്‍ ഇരുപക്ഷവും തമ്മിലുള്ള വിശ്വാസത്തെയാണ് തകര്‍ത്തിരിക്കുന്നതെന്നാണ് യൂറോപ്യന്‍ യൂണിയന്റെ ഔദ്യോഗിക പ്രതികരണം. വടക്കന്‍ അയര്‍ലന്‍ഡില്‍ പതിറ്റാണ്ടുകള്‍ നീണ്ട സംഘര്‍ഷത്തിന് അന്ത്യം കുറിച്ച ഗുഡ് ഫ്റൈഡേ ധാരണയുടെയും ലംഘനമാണ് ഈ ബില്‍ എന്നും യൂണിയന്‍ പറയുന്നു.

ജനുവരിയില്‍ ഒപ്പുവച്ച പിന്‍മാറ്റ കരാര്‍ ഭാഗികമായി ഭേദഗതി ചെയ്യാന്‍ സാധിക്കുന്ന വിധത്തിലാണ് ബ്രിട്ടന്‍ ആഭ്യന്തര വിപണി ബില്‍ തയാറാക്കിയിരിക്കുന്നത്. ബില്‍ ഒരു കാരണവശാലും പിന്‍വലിക്കില്ലെന്ന് മന്ത്രി മൈക്കല്‍ ഗവ് വ്യക്തമാക്കിക്കഴിഞ്ഞു.

റിപ്പോർട്ട് : ജോസ് കുമ്പിളുവേലിൽ