സ്വിറ്റ്സര്‍ലന്‍ഡിലെ സ്റ്റേഡിയങ്ങൾ ഇനി മദ്യ നിരോധനം വരുന്നു
Friday, September 4, 2020 8:58 PM IST
ബേണ്‍: കൊറോണവൈറസ് വ്യാപനത്തെതുടർന്നു ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി പിന്‍വലിച്ചുകൊണ്ടിരിക്കുകയാണ് സ്വിറ്റ്സര്‍ലന്‍ഡ്. ഇതിന്‍റെ ഭാഗമായി ഒക്റ്റോബര്‍ ഒന്നു മുതല്‍ ആയിരത്തിലധികം പേര്‍ക്ക് പങ്കെടുക്കാവുന്ന വലിയ പരിപാടികള്‍ക്ക് അനുമതി ലഭിക്കും.

പുതിയ ഇളവുകളുടെ പശ്ചാത്തലത്തില്‍ കായിക മത്സരങ്ങളും മറ്റും സംഘടിപ്പിക്കാന്‍ സാധിക്കും. ഇത്തരം വേദികളില്‍ വൈറസ് വ്യാപന സാധ്യത കണക്കിലെടുത്ത് മറ്റു ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സ്വിസ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്.

സ്റ്റേഡിയങ്ങളില്‍ മദ്യ നിരോധനം നടപ്പാക്കുന്നതാണ് ഇതിലൊന്ന്. എന്നാൽ സംഗീത പരിപാടികള്‍ക്കും മറ്റും നിരോധനം ബാധകമാക്കില്ല. കായിക മത്സരങ്ങള്‍ക്കു മാത്രം ബാധകമാക്കാനാണ് ഉദ്ദേശിക്കുന്നത്.

സ്വിസ് ആരോഗ്യ മന്ത്രി അലെയന്‍ ബെര്‍സെറ്റ് ഇതു സംബന്ധിച്ച നിര്‍ദേശം മന്ത്രിസഭാ യോഗത്തില്‍ വയ്ക്കും. വിവിധ കാന്‍റനുകളുടെ ആവശ്യപ്രകാരമാണ് മന്ത്രി ഇത്തരമൊരു ആലോചനുമായി മുന്നോട്ടു പോകുന്നതെന്നാണ് അറിയാൻ കഴിയുന്നത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍