സ്വാതന്ത്ര്യദിനാശംസകളുമായി "വന്ദേമാതരം ഫ്രം ഓസ്ട്രിയ'
Friday, August 14, 2020 4:27 PM IST
വിയന്ന: ജനഗണമനയും വന്ദേമാതരവുമൊക്കെ കേൾക്കുമ്പോൾ വിദേശരാജ്യങ്ങളിൽ ജീവിക്കുന്ന ഓരോ ഭാരതീയനും മാതൃരാജ്യത്തിന്‍റെ ഓർമകൾ ഓടിയെത്തും. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെയും ദേശിയ ഐക്യത്തിന്‍റെയും പ്രതീകമായി മാറിയ വന്ദേമാതരം ആലപിച്ചു സ്വാതന്ത്ര്യദിന ആശംസകളുമായി എത്തിയിരിക്കുകയാണ് വിയന്നയിൽ നിന്നുള്ള ഒരു കൂട്ടം വിദേശ സുഹൃത്തുക്കൾ.

വിയന്നയിൽ സംഗീതത്തിൽ ഗവേഷണം നടത്തുന്ന ഫാ. ജാക്സൺ സേവ്യറിന്‍റെ നേതൃത്വത്തിലാണ് "വന്ദേമാതരം ഫ്രം വിയന്ന' എന്ന ആൽബം അവതരിപ്പിച്ചിരിക്കുന്നത്. ഈ ഗാനം ഇപ്പോൾ യൂട്യൂബിൽ അനേകരെ ആകർഷിക്കുകയാണ് . വന്ദേമാതരം എന്ന ഗാനം ഫാ. ജാക്സൺ ആലപിച്ചപ്പോൾ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കൾക്ക് തോന്നിയ ആശയമാണ്, ഗാനം വീഡിയോയിൽ പകർത്തിയത്.

ഈണവും സംവിധാനവും വരികളുടെ അർത്ഥവും കൂടി ചേർന്ന് ഒരു ധ്യാനത്മക സ്വഭാവം ഈ ഗാനത്തിന് ഉണ്ടെന്നാണ് ഫ്ലൂട്ട് വായിച്ചിരിക്കുന്ന വലേറി ഷ്മിറ്റ് പറയുന്നത്. തന്‍റെ സംഗീത അഭിരുചിയുമായി ചേർന്നു പോകുന്നതല്ലെങ്കിലും ഈ ഗാനത്തിന്‍റെ മാന്ത്രികതയാണ് തന്നെ ആകർഷിച്ചതെന്ന് ഗാനം പാടിയ ജൂലിയ മർട്ടീനിയും സമ്മതിക്കുന്നു. ഗിത്താർ വായിച്ചിരിക്കുന്നത് ക്രിസ്റ്റഫർ സിഗ്ലേർ ആണ്‌. പിയാനോ ജാക്സൺ സേവ്യറും എബിൻ പള്ളിച്ചൻ പ്രോഗ്രാമിംഗും നടത്തിയിരിക്കുന്നു.

ഗാനം കേൾക്കാം: www.youtu.be/Z6pcv_JoayI

റിപ്പോർട്ട്: ജോബി ആന്‍റണി