"ലെറ്റസ് ബ്രേക്ക് ഇറ്റ് ടുഗതറി' ൽ ഓഗസ്റ്റ് നാലിന് ഇരട്ട സഹോദരങ്ങളുടെ മാസ്മരിക പ്രകടനം
Tuesday, August 4, 2020 6:14 PM IST
ലണ്ടൻ: യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡിനെതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്‍റ് ഷോ ""ലെറ്റസ് ബ്രേക്ക് ഇറ്റ് ടുഗതറി' ൽ ഓഗസ്റ്റ് നാലിന് (ചൊവ്വ) വൈകുന്നേരം 5 ന് (ഇന്ത്യൻ സമയം രാത്രി 9.30) ആസ്വാദകർക്ക് മുന്നിലെത്തുന്നത് ആറ് അതുല്യ പ്രതിഭകളാണ്. എർഡിംഗ്ടണിൽ നിന്നുള്ള സഹോദരങ്ങളായ ബർണാർഡ് ബിജു, ബനഡിക്ട് ബിജു എന്നിവരും സാൻസിയ സാജു, മറീന ബിജു, ബർമിംഗ്ഹാമിൽ നിന്നുള്ള മറ്റൊരു സഹോദരങ്ങളായ ആകാഷ് സെബാസ്റ്റ്യനും ആഷിഷ് സെബാസ്റ്റ്യനുമാണ്.

പിതാവ് ബിജു കൊച്ചുതെള്ളിയിലിന്‍റെ സംഗീത പാരമ്പര്യം പിന്തുടരുന്ന ബർണാർഡും ബനഡിക്ടും നന്നേ ചെറുപ്പം മുതൽ സംഗീത പരിശീലനം ആരംഭിച്ചു. വളരെ നന്നായി കീബോർഡ്‌ വായിക്കുന്ന ബർണാർഡ് ഒരു പ്രഫഷണൽ സൗണ്ട് എൻജിനിയറെ പോലും അതിശയിപ്പിക്കുന്ന തരത്തിൽ ശബ്ദ നിയന്ത്രണവും ശബ്ദ മിശ്രണവും കൂടി കൈകാര്യം ചെയ്യുന്ന മിടുക്കനാണ്. ബിഷപ്പ് വാൽഷ് കാത്തലിക് സ്കൂളിൽ ഇയർ 11 വിദ്യാർഥിയായ ഈ പതിനാറുകാരൻ ഇതിനോടകം നിരവധി വേദികളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ചർച്ച് കൊയറിലെ സജീവാംഗം കൂടിയാണ് ബർണാർഡ്.

ഡ്രംസിലും റിഥം പാഡിലും തന്‍റെ പ്രതിഭ പ്രകടിപ്പിക്കുന്ന ബനഡിക്ട് , ബർണാർഡിന്‍റെ ഇളയ സഹോദരനാണ്. ബിഷപ്പ് വാൽഷ് കാത്തലിക് സ്കൂളിൽ ഇയർ 10 വിദ്യാർഥിയാണ് ഈ പതിനഞ്ചുകാരൻ . ചർച്ച് കൊയറിലെ സജീവാംഗമായ ബനഡിക്ട് നിരവധി വേദികളിൽ ഇതിനോടകം തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

സട്ടൻ കോൾഡ്ഫീൽഡ് ഗ്രാമർ സ്കൂൾ ഫോർ ഗേൾസിലെ ഇയർ 8 വിദ്യാർഥിനിയായ സാൻസിയ വളരെ ചെറിയ പ്രായം മുതൽ സംഗീത പരിശീലനം ആരംഭിച്ചു. കർണാട്ടിക് മ്യൂസിക്, നൃത്തം എന്നിവയിൽ പരിശീലനം നേടുന്ന ഈ പതിനാലുകാരി ഗായിക, എർഡിംഗ്ടൺ മലയാളി അസോസിയേഷൻ്റെ പരിപാടികളിലും യുക്മ കലാമേള, MJSSA കലാമേള തുടങ്ങി നിരവധി വേദികളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരു നർത്തകി കൂടിയായ സാൻഷിയ ഹെവൻലി വോയ്സ് യുകെ ടീം അംഗമാണ്.

സെന്‍റ് എഡ്മൺഡ് കാംപിയൻ സ്കൂളിൽ ഇയർ 7 വിദ്യാർഥിനിയായ മറീന ഒരു നല്ല ഗായികയാണ്. യുകെകെസിഎ കലാമേളയിൽ സമ്മാനാർഹയായ ഈ പന്ത്രണ്ടുകാരി എർഡിംഗ്ടൺ മലയാളി അസോസിയേഷന്‍റെ ഉൾപ്പടെ നിരവധി വേദികളിൽ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്.


കിംഗ് എഡ്വാർഡ്സ് ആസ്റ്റൺ ഗ്രാമർ സ്കൂൾ ഇയർ 9 വിദ്യാർഥിയായ ആകാഷ് വളരെ ചെറിയ പ്രായം മുതൽ കീബോർഡിൽ പരിശീലനം നേടി വരുന്നു. ബൈബിൾ കലോത്സവം, സ്വന്തം അസോസിയേഷനായ BCMC യുടെ ഉൾപ്പെടെ നിരവധി വേദികളിൽ പങ്കെടുത്തിട്ടുള്ള ഈ പതിനാലുകാരൻ ചർച്ച് കൊയറിലും സജീവാംഗമാണ്.

കിംഗ് എഡ്വാർഡ്സ് ആസ്റ്റൺ ഗ്രാമർ സ്കൂൾ ഇയർ 8 വിദ്യാർഥിയായ ആഷിഷ് ആകാഷിന്‍റെ ഇളയ സഹോദരനാണ്. ചേട്ടനെപോലെ കീബോർഡിൽ തല്പരനായ ആഷിഷ് BCMC പ്രോഗ്രാംസ്, ബൈബിൾ കലോത്സവം ഉൾപ്പടെ നിരവധി വേദികളിൽ പങ്കെടുത്തിട്ടുണ്ട്. ചർച്ച് കൊയറിലും സജീവാംഗമാണ്. യുകെ യിലെ അറിയപ്പെടുന്ന ഗായകനും മ്യുസീഷ്യനുമായ ബിജു കൊച്ചുതെള്ളിയിലിന്‍റെ ശിഷ്യരാണ് ആകാഷും ആഷിഷും.

കോവിഡ് രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്‍റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യുകെയിലെ എൻ എച്ച് എസ് ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.

എട്ടു വയസു മുതൽ 21 വയസുവരെ പ്രായമുള്ള യുകെയിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്നിൽ വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം.

യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി.എ. ജോസഫ് ദേശീയ കോഓർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.

വിവരങ്ങൾക്ക്: സി.എ. ജോസഫ് 07846747602 , കുര്യൻ ജോർജ് 07877348602.

റിപ്പോർട്ട്: കുര്യൻ ജോർജ്