സമീക്ഷ എക്സിറ്റർ ബ്രാഞ്ചിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
Saturday, August 1, 2020 5:43 PM IST
ലണ്ടൻ: കലാ സാംസ്കാരിക സംഘടനയായ സമീക്ഷ, മലയാളം മിഷൻ യുകെ ചാപ്റ്ററുമായി ചേർന്നു നടത്തുന്ന മലയാള പഠന വേദികളുടെ ഭാഗമായി, സമീക്ഷ എക്സിറ്റർ ബ്രാഞ്ചിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.

സമീക്ഷ എക്സിറ്റർ ബ്രാഞ്ച് സെക്രട്ടറി വിനു ചന്ദ്രൻ സ്വാഗതം ആശംസിച്ചു. ഓൺലൈൻ പoന വേദിയുടെ ഉദ്ഘാടനം ജൂലൈ 26 നു സൂമിലൂടെ മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ് നിർവഹിച്ചു. എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന മുദ്രാവാക്യം ഉയർത്തി മലയാളം മിഷൻ 36 രാജ്യങ്ങളിൽ പടർന്നു പന്തലിച്ചു കഴിഞ്ഞുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡയറക്ടർ പറഞ്ഞു. മലയാളം മിഷൻ്റെ കഴിഞ്ഞ വർഷങ്ങളിലെ പ്രവേശനോത്സവങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ നടത്തേണ്ടി വരുന്ന ഓൺലൈൻ പ്രവേശനോത്സവത്തിൻ്റെ പരാധീനതകൾ വിവരിക്കുമ്പോഴും കോവിഡ് മൂലമാണ് തനിക്ക് ഈ പ്രവേശനോത്സവത്തിൽ പങ്കെടുക്കാനായതെന്ന് ടീച്ചർ അനുസ്മരിച്ചു.

ഒഎൻവിയുടെ ജീവന്‍റെ ഉന്മത്ത നൃത്തത്തിനു പകരമായി , സുഗതകുമാരി ടീച്ചറിന്‍റെ കവിതയിലെ കുട്ടിയുടെ പാൽ പുഞ്ചിരിയിലൂടെ മൃതിയെ മറക്കുന്ന ലോകത്തെ, കോവിഡ് നമുക്ക് കാട്ടിത്തന്നതായി ടീച്ചർ അനുസ്മരിച്ചു. കുട്ടിയായിരിക്കുമ്പോൾ തന്‍റെ കയ്യിലുള്ള വലിയ പെൻസിൽ ഒടിച്ച് സുഹൃത്തുമായി ഷെയർ ചെയ്യുന്ന ആ മനോഹര സംസ്കാരമാണ് ഇന്നും മലയാളിക്ക് ഒന്നിച്ചു നിൽക്കാൻ പ്രചോദനം നല്കുന്നതെന്ന് സുജ ടീച്ചർ അനുസ്മരിച്ചു. ഭാഷയും സംസ്കാരവുമായുള്ള ബന്ധവും ടീച്ചർ എടുത്തു പറഞ്ഞു.

ലോക മലയാളിയെ ബന്ധിപ്പിക്കുന്ന പ്രധാന ഘടകമായ മലയാള ഭാഷ പ്രോത്സാഹിപ്പിക്കുന്നതിന് മലയാളം മിഷൻ നടത്തുന്ന പ്രവർത്തനങ്ങൾ സുജ ടീച്ചർ വിശദീകരിച്ചു. മലയാളം മിഷന്‍റെ ആപ്പിൽ എന്തെല്ലാം ഉണ്ട് എന്നും അതുകൊണ്ടുതന്നെ അത് അധ്യാപകരും രക്ഷിതാക്കളും ഡൗൺ ലോഡ് ചെയ്യണമെന്നും ടീച്ചർ അഭ്യർഥിച്ചു. മലയാളം മിഷന്‍റെ ഭൂമി മലയാളം വാർത്താ പത്രികയെ പറ്റിയും പൂക്കാലം വെബ് മാഗസിനെ പറ്റിയും റേഡിയോ മലയാളത്തെ പറ്റിയും സുജ ടീച്ചർ വിശദീകരിച്ചു. ഇവയിൽ കുട്ടികളുടെയും അധ്യാപകരുടെയും സർഗാത്മക ഇടപെടലുകൾ ഉണ്ടാവണമെന്ന് ടീച്ചർ ആഹ്വാനം ചെയ്തു.

തുടർന്നു സമീക്ഷ ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപള്ളി ആശംസ പ്രസംഗം നടത്തി. കേരളത്തിലെ ഗവൺമെന്‍റിനും കേരളത്തിലെ സഹോദരൻമാർക്കും കൈത്താങ്ങായി സമീക്ഷ നടത്തിയ സാമൂഹ്യ ഇടപെടലുകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 14 ലക്ഷം പിരിച്ചതും. ഡി വൈ എഫ് ഐ യുടെ ടിവി ചലഞ്ചിന്‍റെ ഭാഗമായി 72 ഓളം ടിവികൾ വിതരണം ചെയ്തതും അദ്ദേഹം വിശദീകരിച്ചു. എക്സിറ്ററിലെ ഓൺലൈൻ പഠന വേദിക്ക് നേതൃത്വം നൽകുന്ന സമീക്ഷ എക്സിറ്റർ ബ്രാഞ്ചിന്‍റെ പ്രസിഡന്‍റ് രാജി ഷാജിയെ ദിനേശ് വെള്ളാപ്പള്ളി അനുമോദിച്ചു.

മലയാളം മിഷൻ യുകെ ചാപ്റ്റർ സെക്രട്ടറി ഏബ്രഹാം കുര്യൻ കുട്ടികൾക്ക് കുരങ്ങനെയും പൂച്ചയേയും രണ്ടു ചെറിയ കുഞ്ഞുണ്ണി കവിതകളിലൂടെ പരിചയപ്പെടുത്തി.

"കൊരങ്ങനും കൊരങ്ങനും കടി കൂടി
അതിലൊരു കൊരങ്ങൻ്റെ തല പോയി
എടുകെടാ കൊരങ്ങാ പുളിവാറ്
കൊടുക്കെടാ കുരങ്ങാ പതിനാറ് "

എന്ന കവിതയും പിന്നെ കുഞ്ഞുണ്ണി മാഷിന്‍റെ ഒരു പൂച്ച കവിതയും ഏബ്രഹാമും കുട്ടികളും ചേർന്ന് പാടി.. തുടർന്ന് ഏബ്രഹാം കുര്യൻ വിവിധ ഭാഷകൾ പഠിക്കുന്നതു കൊണ്ടുള്ള പ്രയാജനത്തെ പറ്റി മാതാപിതാക്കളുമായി സംവദിച്ചു.

ജൂണിയർ വിഭാഗത്തിൽ 16 ഉം സീനിയർ വിഭാഗത്തിൽ 14 ഉം ഉൾപ്പെടെ 30 കുട്ടികൾ പ്രവേശനോത്സവത്തിൽ പങ്കെടുത്തു. കുട്ടികളെ എത്രയും പെട്ടന്ന് മലയാളം മിഷനിൽ റജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി ഏബ്രഹാം കുര്യൻ അഭ്യർഥിച്ചു.

റിപ്പോർട്ട്: ദിനേശ് ശ്രീധരൻ