ബാഡന്‍ വൂര്‍ട്ടംബര്‍ഗിലെ സ്കൂളുകളില്‍ ബുര്‍ഖ നിരോധിച്ചു
Thursday, July 23, 2020 9:16 PM IST
സ്റ്റുട്ട്ഗര്‍ട്ട്: ജര്‍മന്‍ സ്റ്റേറ്റായ ബേഡന്‍ വൂര്‍ട്ടംബര്‍ഗിലെ സ്കൂളുകളില്‍ ബുര്‍ഖ അടക്കം മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രധാരണ രീതികള്‍ നിരോധിച്ചു. സ്വതന്ത്രമായ ഒരു സമൂഹത്തിനു ചേര്‍ന്നതല്ല ബുര്‍ഖയും നിഖാബും പോലുള്ള വസ്ത്രങ്ങളെന്ന് സ്റ്റേറ്റ് പ്രീമിയര്‍ വിന്‍ഫ്രീഡ് ക്രെച്ച്മാന്‍ പറഞ്ഞു.

സ്കൂളുകളില്‍ അധ്യാപകര്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ലെന്ന നിര്‍ദേശം സംസ്ഥാനത്ത് നേരത്തെ തന്നെ നിലവിലുള്ളതാണ്. ഇതാണ് ഇപ്പോൾ വിദ്യാര്‍ഥികള്‍ക്കു കൂടി ബാധകമാക്കിയിരിക്കുന്നത്.

നേരത്തെ ഹാംബര്‍ഗ് നഗര ഭരണകൂടം മുഖം മറയ്ക്കുന്ന വസ്ത്രധാരണ രീതി നിരോധിച്ചത് കോടതി തടഞ്ഞിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ ബേഡന്‍ വൂര്‍ട്ടംബര്‍ഗിന്‍റെ തീരുമാനവും കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യത ഏറെയാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍