ആയിരം വർഷമായി സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത യൂറോപ്യന്‍ റിപ്പബ്ലിക്
Thursday, July 23, 2020 7:50 PM IST
സൂറിച്ച്: ഗ്രീക്ക് താപസ്യ സ്വയംഭരണ റിപ്പബ്ലിക്കായ, റിപ്പബ്ലിക്ക് ഓഫ് മൗണ്ട് ആഥോസില്‍ ആയിരം വർഷത്തിലേറെയായി സ്ത്രീകൾക്ക് പ്രവേശനം ഇല്ല. എന്നു മാത്രമല്ല പെൺപൂച്ചകൾ ഒഴികെ ജീവജാലങ്ങളിലെ പെൺവിഭാഗത്തിനൊന്നും ഇവിടേക്ക് പ്രവേശനമില്ല എന്നതാണ്.

335.63 സ്ക്വയർ കിലോ മീറ്റർ വലിപ്പമുള്ള ഈ ഗ്രീക്ക് സ്വയംഭരണ സന്യാസ റിപ്പബ്ലിക് കോൺസ്റ്റാന്‍റിനോപ്പിൾ എക്യൂമെനിക്കൽ പാത്രിയാർക്കീസിനു കീഴിലുള്ള സന്യാസ ശ്രേഷ്ഠന്മാരാണ് ഇവിടം ഭരിക്കുന്നത്. കർശനമായ ചിട്ടകളോടെയുള്ള ഓർത്തഡോക്സ് സന്യാസിമാരാണ് ഇവിടുത്തെ നിവാസികള്‍. കുത്തനെയുള്ള മലഞ്ചെരുവിലായി 20 ആശ്രമങ്ങള്‍ തൂങ്ങിക്കിടക്കുന്നതുപോലെയാണ് സ്ഥിതി ചെയ്യുന്നത്.

1045 ലാണ് സ്ത്രീകൾക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ചു കൊണ്ടുള്ള നിയമം നിലവിൽ വന്നത് .ഇതനുസരിച്ച് സ്ത്രീകളുമായി വരുന്ന കപ്പലുകൾക്ക് 500 മീറ്റർ അകലെ മാത്രമേ നങ്കൂരമിടാൻ അനുവാദമുള്ളൂ . സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കാനുള്ള കാരണമായി പറയുന്നത് സൈപ്രസിലേക്കുള്ള സന്യാസിമാരുടെ യാത്രാമധ്യേ അവര്‍ ആഥോസ് ദീപില്‍ എത്തുകയും സന്യാസി ശ്രേഷ്ഠൻമാര്‍ക്ക് ഈ സ്ഥലം ഏറെ ഇഷ്ടമാവുകയും കന്യാമറിയത്തിനായി ഈ സ്ഥലം സമർപ്പിക്കുകയും ചെയ്തുവെന്നാണ്.

പെണ്‍ ജീവജാലങ്ങളിൽ , പെണ്‍ പൂച്ചകൾക്ക് മാത്രമാണ് ഈ രാജ്യത്ത് പ്രവേശിക്കാൻ അനുമതി ഉള്ളത് .അതിനു തക്കതായ കാരണവും ഉണ്ട് രാജ്യത്തെ പാമ്പുകളുടെയും എലികളുടെയും ശല്യം ഒഴിവാക്കാൻ വേണ്ടി മാത്രമാണിത് . മറ്റു മതക്കാർക്കും ദീപില്‍ പ്രവേശനമില്ല, ഒരു ദിവസം പത്ത് പുരുഷന്മാരെ മാത്രമേ ഇവിടം സന്ദർശിക്കുവാൻ അനുവദിക്കൂ.അതും പ്രത്യേക എന്‍ട്രി പാസടുകൂടി മാത്രവും .

സമുദ്ര നിരപ്പില്‍ നിന്നും 2000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മൗണ്ട് ഹോളി ആഥോസില്‍ സന്ദര്‍ശകര്‍ക്ക് താമസം സൗജന്യമാണ്. പക്ഷെ പുലർച്ചെ 4നു പ്രഭാത പ്രാര്‍ഥനക്കായി എഴുന്നേല്‍ക്കണം. ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കരുത് തുടങ്ങിയ നിബന്ധനകള്‍ പാലിക്കണം .3 ദിവസത്തില്‍ കൂടുതല്‍ സന്ദര്‍ശകര്‍ക്ക് ഇവിടെ തങ്ങാന്‍ അനുമതിയില്ല .

റിപ്പോർട്ട്: ഷിജി ചീരംവേലില്‍