സംഗീത ആൽബം "ഇന്ദീവരം' ജൂലൈ 24 നു റിലീസ് ചെയ്യും
Wednesday, July 22, 2020 6:24 PM IST
അനാമിക കെന്‍റ് യുകെയുടെ രണ്ടാമത്തെ സംഗീത ആൽബം റിലീസിനൊരുങ്ങുന്നു. "ഇന്ദീവരം' എന്നു പേരു നൽകിയിരിക്കുന്ന ഈ ആൽബം ജൂലൈ 24നു (വെള്ളി) രാത്രി 7.30 നു ഗർഷോം ടിവിയിലൂടെ റിലീസ് ചെയ്യും.

ശ്രുതിമധുരമാർന്ന അഞ്ചു ഗാനങ്ങളാണ് ആൽബത്തിലുള്ളത്. പ്രശസ്ത യുവ പിന്നണിഗായകൻ വിജയ് യേശുദാസാണ് മുഖ്യഗായകൻ. നിരവധി സംഗീതസദസുകളിൽ ശ്രദ്ധേയനായ യുകെയുടെ പ്രിയഗായകൻ റോയ് സെബാസ്റ്റ്യനും ഗാനങ്ങൾക്ക് ഈണം നൽകിയിട്ടുണ്ട്.

ആൽബത്തിലെ അഞ്ചു ഗാനങ്ങളുടേയും രചയിതാവ് യുകെയിലെ പ്രശസ്ത കവ‍യത്രിയും സാഹിത്യകാരിയുമായ ബീന റോയ് ആണ്. ഭാവതരളമായ രചനകളാൽ സമ്പുഷ്ടമായ എഴുത്തുകളുടെ ഉടമയാണ് ബീന റോയ്. ക്രോകസിന്‍റെ നിയോഗങ്ങൾ എന്ന 70 കവിതകളടങ്ങിയ ആദ്യ കവിതാസമാഹാരത്തിലൂടെ സാഹിത്യലോകത്ത് സുപരിചിതയായ ബീനാ റോയിയുടെ രണ്ടാമത്തെ സംഗീത ആൽബമാണിത്.

ഇന്ദീവരത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകനും സംഗീതാധ്യപകനുമായ എൻ.എ. പ്രസാദ് ആണ്. മലയാളത്തിലെ മുൻനിര ഗായകരെ ഉൾക്കൊള്ളിച്ച് നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ള ആളാണ് പ്രസാദ് . അതിമനോഹരമായ അഞ്ച് വ്യത്യസ്ത രാഗങ്ങളിലാണ് പ്രേക്ഷകരുടെ മനം കവരുവാൻ ഈ ആൽബത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.