ലൈവ് ടാലന്‍റ് ഷോ "ലെറ്റസ് ബ്രേക്ക് ഇറ്റ് ടുഗതർ' ജൂലൈ 11 ന്
Friday, July 10, 2020 4:59 PM IST
ലണ്ടൻ: യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡിനെതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ചുകൊണ്ടുള്ള ലൈവ് ടാലന്‍റ് ഷോ "ലെറ്റസ് ബ്രേക്ക് ഇറ്റ് ടുഗതറി'ൽ ജൂലൈ 11 നു (ശനി) വൈകുന്നേരം 5 ന് (ഇന്ത്യൻ സമയം രാത്രി 9.30) പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് കീ ബോർഡിൽ മധുര സംഗീതം പൊഴിക്കുന്ന ക്ളെറിനും റോസിനും മൗത്ത് ഓർഗനിൽ മാന്ത്രികത തീർക്കുന്ന ആൻസിനും ഫ്ളൂട്ട്, ഗിറ്റാർ, പിയാനോ എന്നീ സംഗീതോപകരണങ്ങളിൽ മാസ്മരികത തീർക്കുന്ന ജ്യോതിഷുമാണ്.

കീ ബോർഡിൽ മധുര സംഗീതം പൊഴിക്കുന്ന ക്ളെറിനും റോസിനും അനുഗ്രഹീത ശബ്ദത്തിനു കൂടി ഉടമകളാണ്. ബൈബിൾ കലോത്സവം ഉൾപ്പടെ നിരവധി വേദികളിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള ഇവർ ബൈബിൾ കലോത്സവത്തിൽ സോളോ സോംഗ്, ഗ്രൂപ്പ് സോംഗ് ഇനങ്ങളിൽ വിജയികളായിരുന്നു. നൃത്തം, മോണോ ആക്ട്, ചിത്രരചന, പെയിന്‍റിംഗ് തുടങ്ങി നിരവധി കലകളിൽ ഒരേ പോലെ പ്രാവീണ്യം പുലർത്തുന്ന ക്ളെറിനും റോസിനും ബിർക്കിൻഹെഡ് ചർച്ച് കൊയറിലെ അംഗങ്ങളാണ്. ലങ്കാസ്റ്റർ യൂണിവേഴ്സിറ്റി വിദ്യാർഥിനികളായ ഈ സഹോദരിമാർ സംഗീതവും നൃത്തവും തുല്യ പ്രാധാന്യത്തോടെ പരിശീലിക്കുകയും പെർഫോം ചെയ്യുകയും ചെയ്യുന്നു. ലങ്കാസ്റ്റർ യൂണിവേഴ്സിറ്റി ഡാൻസ് ടീം അംഗങ്ങളായ ഈ സഹോദരിമാർ സംഗീതത്തിലും നൃത്തത്തിലും ഒരു പോലെ തിളങ്ങുന്ന താരങ്ങളാണ്.

മൗത്ത് ഓർഗൻ എന്ന കുഞ്ഞൻ ഉപകരണത്തിലൂടെ പാട്ടിന്‍റെ തേൻമഴ പെയ്യിക്കുന്ന ആൻസിൻ ചേച്ചിമാരെ പോലെ തന്നെ ഒരു സകല കലാ വല്ലഭയാണ്. സംഗീതം, നൃത്തം, ചിത്രരചന, പെയിന്‍റിംഗ് എന്നിങ്ങനെ നിരവധി കലകളിൽ ഇതിനോടകം പ്രാവീണ്യം തെളിയിച്ചിട്ടുണ്ട് ഈ കൊച്ചമിടുക്കി. ബിർക്കിൻഹെഡ് സെന്‍റ് വെർബർഗ്സ് കാത്തലിക് പ്രൈമറി സ്കൂൾ ഇയർ 6 വിദ്യാർഥിനിയായ ഈ കലാകാരി ബൈബിൾ കലോത്സവത്തിന് സോളോ സോംഗ് ബൈബിൾ റീഡിംഗ്, മലയാളം പ്രസംഗം എന്നീ ഇനങ്ങളിൽ വിജയിയായിരുന്നു. തന്‍റെ അനുഗ്രഹീത ശബ്ദത്തിലൂടെ നിരവധി വേദികളിൽ മികവ് തെളിയിച്ചിട്ടുള്ള ആൻസിൻ തന്‍റെ നൃത്ത പാടവത്തിലൂടെ സ്കൂൾ ടാലന്‍റ് ഷോകളിലും വിജയിയായിട്ടുണ്ട്.

യോർക്ക് യൂണിവേഴ്സിറ്റി വിദ്യാർഥിയായ ജ്യോതിഷ് ഫ്ളൂട്ട്, ഗിറ്റാർ, പിയാനോ എന്നീ സംഗീതോപകരണങ്ങളിൽ പരിശീലനം നേടിയ അനുഗ്രഹീത കലാകാരനാണ്. നിരവധി വേദികളിൽ പ്രതിഭ പ്രദർശിപ്പിച്ചിട്ടുള്ള ഈ കലാകാരൻ ക്ളെറിൻ, റോസിൻ, ആൻസിൻ സഹോദരിമാരുടെ പിതാവ് ജോസഫിന്‍റെ സഹോദര പുത്രനാണ്.

യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.

എട്ടു വയസു മുതൽ 21 വയസു വരെ പ്രായമുള്ള യുകെ യിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ചു നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്.

വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കും.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യുകെയുടെ റെക്സ് ജോസും ജെ ജെ ഓഡിയോസിന്‍റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്കുവേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ 21 വയസു വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.

ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന "ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ " എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡന്‍റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്‍റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർഥിച്ചു.

യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി.എ ജോസഫ് ദേശീയ കോഓർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിക്കു മേൽനോട്ടം വഹിക്കുന്നത്.

വിവരങ്ങൾക്ക്: സി.എ ജോസഫ് 07846747602 , യുക്മ സാംസ്കാരിക വേദി നാഷണൽ കോഓർഡിനേറ്റർ കുര്യൻ ജോർജ് 07877348602.

റിപ്പോർട്ട്: സജീഷ് ടോം