യുക്മ ലൈവ് ടാലന്‍റ് ഷോ "ലെറ്റസ് ബ്രേക്ക് ഇറ്റ് ടുഗതർ' ജൂലൈ 7 ന്
Monday, July 6, 2020 10:19 PM IST
ലണ്ടൻ: യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡിനെതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ചുകൊണ്ട് ആരംഭിച്ച ലൈവ് ടാലന്‍റ് ഷോ "LET'S BREAK IT TOGETHER" യു കെയിലേയും ലോകമെമ്പാടുമുള്ള ജനമനസുകളിൽ ഇടം നേടി ഉജ്ജ്വലമായി മുന്നേറ്റം തുടരുകയാണ്.

യുക്മ പേജിലൂടെ പ്രക്ഷേപണം ചെയ്യുന്ന "Let's Break it Together" ൽ ജൂലൈ 7 നു (ചൊവ്വ) വൈകുന്നേരം 5 ന് (ഇന്ത്യൻ സമയം രാത്രി 9.30) പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് വയലിനിലും ഗിറ്റാറിലും പിയാനോയിലും സംഗീതത്തിന്‍റെ മാന്ത്രികത തീർക്കുന്ന സ്റ്റോക് ഓൺ ട്രെൻഡിൽ നിന്നുള്ള അൻസൽ സൈജു, സാം ആന്‍റണി, ജോഷ്വാ ആഷ് ലി എന്നീ മൂവർ സംഘമാണ്. യുക്മയിലെ കരുത്തുറ്റ റീജണായ മിഡ് ലാൻഡ്സിലെ ഏറ്റവും കരുത്തുറ്റ അംഗ അസോസിയേഷനുകളിൽ ഒന്നായ എസ്എംഎ സ്റ്റോക്ക് ഓൺ ട്രെൻഡിന്‍റെ അരുമകളാണ് ഈ മൂന്നു കൗമാര താരങ്ങൾ.

സ്റ്റോക്കിലെ സെന്‍റ് ജോസഫ് കോളജിലെ ഇയർ 8 വിദ്യാർഥിയായ ഈ 13 കാരൻ കോളജിലെ സീനിയർ ഓർക്കസ്ട്രയിലെ അംഗമാണ്. സ്റ്റോക്ക് ഓൺ ട്രെൻഡ് സിറ്റി മ്യൂസിക് സർവീസ് അംഗമായ അൻസൽ ഇതിനോടകം യുക്മ കലാമേള, എസ്എംഎ പ്രോഗ്രാമുകൾ, ബൈബിൾ കലോത്സവം തുടങ്ങി നിരവധി വേദികളിൽ തന്‍റെ പ്രാവീണ്യം തെളിയിച്ചു കഴിഞ്ഞു.

ബൈബിൾ കലോത്സവം വയലിൻ വിഭാഗത്തിൽ വിജയിയായ അൻസൽ തന്‍റെ 9-ാം വയസിൽ കരാട്ടെ ബ്ളാക്ക് ബെൽറ്റ് കരസ്ഥമാക്കി കായിക രംഗത്തും തന്‍റെ മികവു തെളിയിച്ചിട്ടുണ്ട്. എസ്എംഎയുടെ സജീവാംഗങ്ങളായ സൈജു ജോസഫ് - ജയമോൾ സൈജു ദമ്പതികളുടെ മകനാണ് അൻസൽ.

കലാ കായികരംഗങ്ങളിൽ മിന്നിത്തിളങ്ങുന്ന ഒരു ബഹുമുഖ പ്രതിഭയാണ് 14 കാരനായ സാം ആന്‍റണി. സ്റ്റോക്കിലെ സെന്‍റ് ജോസഫ് കോളജിലെ ഇയർ 9 വിദ്യാർഥിയായ സാം ഗിറ്റാറിലൂടെ തന്‍റെ സംഗീതാഭിമുഖ്യം വെളിപ്പെടുത്തുമ്പോൾ തന്നെ നൃത്തം, ബാസ്കറ്റ് ബോൾ, ക്രിക്കറ്റ്, ബാഡ്മിന്‍റൺ, കരാട്ടെ എന്നിങ്ങനെ നിരവധി ഇനങ്ങളിൽ പരിശീലനം തുടരുകയാണ്. ചെറു പ്രായത്തിൽ തന്നെ ഗിത്താർ പരിശീലനം തുടങ്ങി സാം നിരവധി വേദികളിൽ തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സയൻസ് അവാർഡ് കരസ്ഥമാക്കിയിട്ടുള്ള ഈ മിടുക്കൻ സ്കൂൾ ബാസ്ക്കറ്റ് ബോൾ ടീമിലും അംഗമാണ്. ആന്‍റോ ജോസിന്‍റേയും എസ്എംഎ യുടെ സെക്രട്ടറിയും യുക്മ പ്രതിനിധിയുമായ സിനി ആന്‍റോയുടെയും മകനാണ് സാം.

പിയാനോയിൽ സ്വര വിസ്മയം തീർക്കുന്ന ജോഷ്വാ ആഷ് ലി സംഗീതം തന്‍റെ ഹൃദയത്തോട് ചേർത്തുവച്ചിരിക്കുന്ന ഒരു കൊച്ച് കലാകാരനാണ്. പിയാനോ ഗ്രേഡ് 4 ൽ പരിശീലനം തുടരുന്ന ജോഷ്വാ സ്റ്റോക്കിലെ സെന്‍റ് തോമസ് മൂർ കാത്തലിക് അക്കാഡമിയിലെ ഇയർ 9 വിദ്യാർഥിയാണ്. ചെറിയ പ്രായത്തിൽ തന്നെ പിയാനോയിൽ പരിശീലനം തുടങ്ങിയ ജോഷ്വാ ഇതിനോടകം നിരവധി വേദികളിൽ തന്‍റെ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. കരാട്ടെയിൽ ബ്ളാക്ക് ബെൽറ്റ് കരസ്ഥമാക്കിയ ഈ 14 കാരൻ പിയാനോയോടൊപ്പം കരാട്ടെയിലും പരിശീലനം തുടരുകയാണ്. എസ്എംഎ യുടെ സജീവാംഗങ്ങളായ ആഷ് ലി കുര്യൻ - ബെറ്റി കുരിയാക്കോസ് ദമ്പതികളുടെ മകനാണ് ജോഷ്വാ.

എട്ടു വയസുമുതൽ 21 വയസു വരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്.

വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യുകെയുടെ റെക്സ് ജോസും ജെ ജെ ഓഡിയോസിന്‍റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്കുവേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം 20 മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസുവരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.

ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന "ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ " എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡന്‍റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്യൻ എന്നിവർ അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: സി.എ. ജോസഫ് 07846747602, യുക്മ സാംസ്കാരിക വേദി നാഷണൽ കോഓർഡിനേറ്റർ കുര്യൻ ജോർജ് 07877348602.