750 ബില്യൺ യൂറോയുടെ രക്ഷാ പദ്ധതിയുമായി യൂറോപ്യന്‍ യൂണിയന്‍
Friday, May 29, 2020 8:05 AM IST
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറ്റാന്‍ യൂറോപ്യന്‍ കമ്മിഷന്‍ 750 ബില്യൺ യൂറോയുടെ രക്ഷാ പാക്കേജ് മുന്നോട്ടുവച്ചു.

എല്ലാ അംഗരാജ്യങ്ങള്‍ക്കും സന്തുലിതമായി സഹായം ലഭിക്കുന്ന വിധത്തിലാണ് പാക്കേജ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്മീഷന്‍ അവകാശപ്പെടുന്നു.

ഈ പാക്കേജും 2021~2027 കാലത്തേക്കുള്ള യൂറോപ്യന്‍ യൂണിയന്‍ ബജറ്റിലെ അധിക നിര്‍ദേശങ്ങളും സഹിതം ആകെ 1.85 ട്രില്യന്‍ യൂറോയാണ് കൊറോണ കാരണമുണ്ടായ പ്രതിസന്ധി നേരിടാന്‍ കമ്മീഷന്‍ ആകെ നീക്കി വയ്ക്കുന്നതെന്നും വക്താക്കള്‍.


യൂറോപ്പിന്‍റെ ചരിത്ര മുഹൂര്‍ത്തമെന്നാണ് രക്ഷാ പാക്കേജ് പ്രഖ്യാപനത്തെ കമ്മീഷന്‍ പ്രസിഡന്‍റ് ഉര്‍സുല വോണ് ഡെര്‍ ലെയന്‍ വിശേഷിപ്പിച്ചത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ