യുകെയിലെത്തുന്നവർക്കുള്ള നിർബന്ധിത ക്വാറന്‍റൈൻ: മാർഗനിർദേശങ്ങളായി
Saturday, May 23, 2020 9:41 PM IST
ലണ്ടൻ: വിദേശ രാജ്യങ്ങളിൽനിന്ന് യുകെയിലെത്തുന്നവർക്ക് 14 ദിവസത്തെ നിർബന്ധിത ക്വാറന്‍റൈൻ ഏർപ്പെടുത്തുന്നതു സംബന്ധിച്ച് സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ജൂണ്‍ എട്ടിനാണ് ഇതു നിലവിൽ വരുന്നത്.

ക്വാറന്‍റൈൻ എവിടെയാണെന്ന് യാത്രക്കാർക്ക് തീരുമാനിക്കാം. അതു സർക്കാരിനെ കൃത്യമായി അറിയിക്കണമെന്നു മാത്രം. ഇവിടെ സർക്കാർ ഏജൻസികൾ ഇടയ്ക്കിടെ പരിശോധന നടത്തും. ക്വാറന്‍റൈൻ ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ആയിരം പൗണ്ടു വരെ പിഴ ചുമത്താം.വിദേശരാജ്യങ്ങളിൽനിന്ന് കൊറോണവൈറസ് ബാധയുണ്ടാകുന്നതു തടയാൻ ഈ നടപടികൾ സഹായിക്കുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു.

ലോറി ഡ്രൈവർമാർ, സീസണൽ ഫാം ജോലിക്കാർ, കൊറോണ വൈറസിനെതിരായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർ എന്നിവരെ മാത്രമാണ് ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.

യുകെയിലാകമാനം നിർദേശങ്ങൾ ബാധകമായിരിക്കും. എന്നാൽ, സ്കോട്ട്ലൻഡ്, നോർത്തേണ്‍ അയർലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ ഏതു വിധത്തിൽ നടപ്പാക്കണമെന്ന് അതതു സർക്കാരുകൾക്കു തീരുമാനിക്കാം.


ഇതിനിടയിൽ കൊറോണ പ്രതിസന്ധിയിൽ ബ്രിട്ടനിലെ മോർട്ട്്ഗേജ് തിരിച്ചടവുകൾക്ക് പ്രഖ്യാപിച്ചിരുന്ന മൂന്നുമാസത്തെ മൊറട്ടോറിയം മൂന്നുമാസം കൂടി നീട്ടിയിട്ടുണ്ട്. മാർച്ചിൽ തിരിച്ചടവുകൾ മൂന്നുമാസത്തേക്ക് സർക്കാർ മരവിപ്പിച്ചിരുന്നു. ഇതു ജൂണിൽ അവസാനിക്കേണ്ടതാണ് ഇപ്പോൾ നീട്ടിയത്.ഒപ്പം സാന്പത്തിക പ്രശ്നം പരിഹരിക്കാൻ സർക്കാർ 62.1 ബില്യണ്‍ പൗണ്ട് ഈമാസം കടമെടുത്തിരുന്നു. ലോക്ക്ഡൗണിന്‍റെ ഭാഗമായി ജോലി നഷ്ടപ്പെട്ടവർക്ക് ശന്പളത്തിന്‍റെ 80 ശതമാനം നൽകുന്ന പദ്ധതിയാണ് സർക്കാരിന് വലിയ സാന്പത്തിക തലവേദന സൃഷ്ടിച്ചത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ