മെൽബണ്‍ സീറോ മലബാർ രൂപത വിശുദ്ധവാര തിരുക്കർമങ്ങൾ ശാലോം ടിവിയിലും ഓണ്‍ലൈനിലും
Sunday, April 5, 2020 7:31 AM IST
മെൽബണ്‍: സീറോ മലബാർ രൂപത വിശുദ്ധവാര തിരുക്കർമങ്ങൾ ശാലോം ടിവിയിലും ഓണ്‍ലൈനിലും സം പ്രക്ഷേപണം ചെയ്യുന്നു. രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ മുഖ്യ കാർമികത്വം വഹിക്കുന്ന ഓശാന ഞായറാഴ്ചയിലെ തിരുക്കർമങ്ങൾ രാവിലെ 10 നു കുരുത്തോല വെഞ്ചിരിപ്പു കർമത്തോടെ ആരംഭിക്കും. വൈകുന്നേരം 5 നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും.

ശാലോം ടിവി ചാനലിലും മെൽബണ്‍ രൂപത വെബ്സൈറ്റിലും ശാലോം മീഡിയാ വെബ്സൈറ്റിലും രൂപതയുടെയും ശാലോമിന്‍റെയും ഫേസ്ബുക്ക് പേജിലൂടെയും തിരുക്കർമ്മങ്ങൾ തത്സമയം കാണാൻ സാധിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

ആപ്പിൾ ടിവി,റോക്കു, ആമസോണ്‍ ഫയർ തുടങ്ങിയ ഐപി ബോക്സിലൂടെയും ഇതര സ്മാർട്ട് ടിവി ആപ്പുകളിലൂടെയും തിരുക്കർമങ്ങൾ കാണാൻ കഴിയും. ഇന്ത്യയിൽ കേബിലൂടെ ലഭിക്കുന്ന ശാലോം ചാനലിൽ കാണാൻ കഴിയില്ലെങ്കിലും ഓണ്‍ലൈനിലൂടെ - രൂപതയുടെയും ശാലോമിന്‍റെയും വെബ്സൈറ്റിലൂടെയും ഫേസ്ബുക്കിലൂടെയും രാവിലെ 5.30 നും ഉച്ചക്ക് 12.30നും തത്സമയം കാണാവുന്നതാണ്.

തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലും രാവിലെ 10 നും വൈകുന്നേരം 5 നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. പെസഹാ വ്യാഴാഴ്ച രാവിലെ 10 നാണ് തിരുക്കർമങ്ങൾ. വൈകുന്നേരം 5 ന് "തിരു മണിക്കൂർ'. ദുഃഖ വെള്ളി രാവിലെ 10 ന് പീഡാനുഭവ ശുശ്രൂഷയും വൈകീട്ട് 5 ന് കുരിശിന്‍റെ വഴിയും നടക്കും. ദുഃഖ ശനി രാവിലെ 10 ന് വിശുദ്ധ കുർബാനയും പീഡാനുഭവ ശനിയാഴ്ചയിലെ തിരുക്കർമ്മങ്ങളും. വൈകീട്ട് 5 ന് വിശുദ്ധ കുർബാന. ഈസ്റ്റർ ദിവസം ഉയിർപ്പ് തിരുനാളിന്‍റെ തിരുക്കർമങ്ങൾ രാവിലെ 10 ന് ആരംഭിക്കും. വൈകീട്ട് 5 നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും.

പള്ളികൾ തുറന്നു വിശുദ്ധ കുർബാനയിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കുന്നതു വരെ രൂപത ആസ്ഥാനത്തു നിന്ന് മെൽബണ്‍ സമയം രാവിലെ 10 നും വൈകുന്നേരം 5 നും ഓണ്‍ലൈനായി വിശുദ്ധ കുർബാന ഉണ്ടായിരിക്കും.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ