സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ല: ജർമൻ ആഭ്യന്തരമന്ത്രി ഹോർസ്റ്റ് സീഹോഫർ
Thursday, April 2, 2020 2:17 AM IST
ബർലിൻ: കോവിഡ് 19 ന്‍റെ വ്യാപനത്തെ ചെറുക്കാൻ മെർക്കൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജനം കാറ്റിൽ പറത്തിയാൽ പ്രത്യാഘാതം ഗുരുതരമാണെന്നും സൂക്ഷിച്ചാൽ ദു:ഖിക്കേണ്ടി വരില്ലെന്നും ജർമൻ ആഭ്യന്തരമന്ത്രി ഹോർസ്റ്റ് സീഹോഫർ. രാജ്യത്തെ നിയന്ത്രണങ്ങൾക്ക് ജനം മുന്തിയ പരിഗണന നൽകിയില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമാവുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.

കോവിഡിന്‍റെ സാമൂഹവ്യാപനം തടയായാനാണ് താൽക്കാലികമായി നിയന്ത്രണങ്ങൾ പ്രാബല്യത്തിലാക്കിയത്. അതുകൊണ്ടുതന്നെ ജനങ്ങൾ വീടിനുള്ളിൽ തന്നെ കഴിയണമെന്നും അത്യാവശ്യ കാര്യങ്ങൾക്കും ജോലിക്കു പോകുന്നതിനും മാത്രമേ വീടിനുള്ളിൽനിന്നും പുറത്തിങ്ങാൻ അനുവാദമുള്ളുവെന്നും മന്ത്രി അടിവരയിട്ടു വ്യക്തമാക്കി. വാഹനങ്ങളിലും രണ്ട് പേർക്ക് മാത്രമേ യാത്രയ്ക്കും അനുമതിയുള്ളുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇപ്പോഴുള്ള നിയന്ത്രണങ്ങൾ എപ്പോൾ ലഘൂകരിക്കാമെന്ന് പറയാൻ കഴിയില്ലെന്നും വളരെ വേഗം കഴിയുമെന്നും അതിനു ക്ഷമയോടെ കാത്തിരിയ്ക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ബവേറിയ ലോക്ക്ഡൗണ്‍ നീട്ടി

ജർമനിയിലെ ബവേറിയൻ സംസ്ഥാനം വൈറസ് ബാധ തടയുന്നതിനു പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഈസ്റ്റർ അവധി കഴിയുന്നതു വരെ നീട്ടി. ഏപ്രിൽ 19 വരെയാണ് ഇനി ലോക്ക്ഡൗണ്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി മാർക്കുസ് സോഡർ.

പത്തു ദിവസം മുൻപാണ് സ്റേററ്റിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതിനു ശേഷം പുതിയതായി രോഗം ബാധിക്കുന്നവരുടെ നിരക്ക് കുറയുന്നതായാണ് കാണുന്നത്. എന്നാൽ, സ്ഥിതി ഇപ്പോഴും ഗുരുതരം തന്നെയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ, രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും വാരാന്ത്യത്തിൽ നിരവധി പേർ ലോക്ക്ഡൗണ്‍ ലംഘിച്ച് പാർക്കുകളിലും മറ്റും പോയതായി കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴത്തെ മനോഹരമായ കാലാവസ്ഥയാണ് പലരെയും ഇതിനു പ്രേരിപ്പിക്കുന്നത്. രാജ്യത്താകമാനം കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് പലരും കാലാവസ്ഥ ആസ്വദിക്കാൻ മാത്രമായി കൂട്ടത്തോടെ പുറത്തിറങ്ങുന്നത്.

ജെന നഗരം മാസ്ക്ക് നിർബന്ധമാക്കി

മാസ്ക് ധരിക്കുന്നത് നിയമം മൂലം നിർബന്ധിതമാക്കിയ ആദ്യ ജർമൻ നഗരമായി കിഴക്കൻ ജർമനിയിലെ നഗരമായ ജെന മാറി. കടകളിലും പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്പോഴും പൊതുജനങ്ങൾ വരുന്ന കെട്ടിടങ്ങളിൽ കയറുന്പോഴും മാസ്ക് ഉപയോഗിക്കണമെന്നാണ് ഉത്തരവ്.ഒന്നര മീറ്റർ അകലം പാലിക്കാൻ എളുപ്പമല്ലാത്ത സ്ഥലങ്ങളിൽ ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് ഇങ്ങനെയൊരു നിർദേശമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

നഴ്സിംഗ് സ്റ്റാഫിനും ഡോക്ടർമാർക്കും ഡ്രൈവർ പോലുള്ള ജോലി ചെയ്യുന്നവർക്കും നേരത്തെ തന്നെ മാസ്കുകൾ നൽകിയിരുന്നു.നേരത്തെ ഓസ്ട്രിയയും കടകളിലും സൂപ്പർമാർക്കറ്റുകളിലും മാസ്ക് നിർബന്ധിതമാക്കി ഉത്തരവിറക്കിയിരുന്നു.

സൂപ്പർ മാർക്കറ്റുകൾ,പൊതു ഗതാഗതം, പൊതു പ്രവേശനമുള്ള കെട്ടിടങ്ങൾ എന്നിവയിൽ വായും മൂക്കും സംരക്ഷിച്ചുള്ള മാസ്ക്കുകൾ നിർബന്ധമാക്കിയിരിയ്ക്കയാണ് നഗര കാര്യാലയം.നഴ്സിംഗ് സ്റ്റാഫുകൾക്കും ഡോക്ടർമാർക്കും ബസ് ഡ്രൈവർമാർ പോലുള്ള മറ്റ് തൊഴിലുകൾക്കുമായി അടിസ്ഥാന മാസ്കുകൾ ഇതിനകം ലഭ്യമാക്കിയിട്ടുണ്ടെന്ന് നഗരം അറിയിച്ചു.പ്രൊഫഷണൽ മാസ്ക്കുകൾ ലഭ്യമല്ലെങ്കിൽ സ്വന്തമായി മാസ്ക്കുകൾ നിർമ്മിക്കാൻ ഇത് ആളുകളോട് ആവശ്യപ്പെട്ടു, കൂടാതെ മൂക്കും വായയും മൂടുന്നിടത്തോളം കാലം സ്കാർഫുകൾ പോലുള്ള മറ്റ് മുഖം മൂടുന്നതും സ്വീകാര്യമാകുമെന്നും പറഞ്ഞു.

കോവിഡ് 19 ന്‍റെ വ്യാപനം തടയാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിക്കുന്നർക്ക് ബർലിൻ പ്രാദേശിക ഭരണകൂടം പുതിയ പിഴ ഇടാക്കുന്നു. കാര്യകാണമില്ലാതെ വീടിനു പുറത്തിറങ്ങിയാൽ ഇതനുസരിച്ച് 50 മുതൽ 500 യൂറോ വരെ പിഴ നൽകേണ്ടിവരും.

കോവിഡ് 19 ന്‍റെ അതിപ്പകർച്ചയെ തുടർന്നു ആഗോള തലത്തിൽ താറുമാറായ വ്യോമഗതാഗതത്തിൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടന്ന ജർമൻ ടൂറിസ്റ്റുകളെ ജർമൻ സർക്കാർ മുൻകൈയ്യെടുത്ത് തിരികെ കൊണ്ടുവരാൻ തുടങ്ങി. ഏതാണ്ട് രണ്ടു ലക്ഷത്തോളം പേരാണ് വിവിധ രാജ്യങ്ങളിൽ കുടുങ്ങിപ്പോയത്. ഇൻഡ്യയിൽ കുടുങ്ങിയ 1000 ഓളം ജർമൻ ടൂറിസ്റ്റുകളിൽ ഏതാണ്ട് 750 ജർമൻകാരും ബാക്കി ഇൻഡ്യാക്കാരുമാണ്. ഇതിൽ 315 പേരെയും വഹിച്ചുള്ള എയർ ഇൻഡ്യയുടെ വിമാനം ഇന്നു ഫ്രാങ്ക്ഫർട്ടിൽ എത്തി. ഇതിൽ 25 ഓളം മലയാളികളും ഉണ്ടായിരുന്നു. ഇതിനിടെ, ലോക്ക്ഡൗണ്‍ കാരണം വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടന്ന 1,60,000 പേരെ രാജ്യത്ത് തിരിച്ചെത്തിച്ചു കഴിഞ്ഞു. ശേഷിക്കുന്നവരെയും തിരികെ കൊണ്ടുവരുമെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നുമാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ഇനിയും നാൽപ്പതിനായിരത്തോളം പേർ വിവിധ രാജ്യങ്ങളിലായുണ്ടെന്നാണ് കണക്ക്.

രാജ്യത്ത് ഇതിനകം 75,000 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. 821 പേർ മരിച്ചു. അതേസമയം, രാജ്യത്ത് മരണനിരക്ക് കുറഞ്ഞു നിൽക്കുന്പോഴും മരണസംഖ്യ ഉയരുന്നത് വിദഗ്ധരെ അന്പരപ്പിക്കുന്നു. ഇതര രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതലായി ടെസ്ററുകൾ നടത്താനും രോഗം നേരത്തെ കണ്ടെത്താനും സാധിക്കുന്നതിനാലാകാം നിരക്ക് കുറഞ്ഞു നിൽക്കുന്നതെന്നാണ് അനുമാനം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ