കോവിഡ് 19: അവശ്യ ഉപകരണ ഉൽ‌പാദനത്തിന് യുകെ ഫോർമുല വൺ ടീമുകൾ
Tuesday, March 31, 2020 8:24 PM IST
ലണ്ടൻ: ദേശീയ ആവശ്യങ്ങൾക്കനുസൃതമായി ശ്വസന ഉപകരണങ്ങൾ നിർമിക്കാനും ആരോഗ്യ മേഖലയിൽ ആവശ്യമുള്ള ഇതര ഉപകരണങ്ങൾക്കായുള്ള ഉൽപ്പാദനത്തിലും യുകെ വ്യാപകമായ വ്യവസായ ശ്രമത്തിന്‍റെ ഭാഗമായ ‘പ്രോജക്ട് പിറ്റ്‌ലെയ്ൻ’ൽ കൈകോർക്കാൻ ഏഴ് ഫോർമുല വൺ ടീമുകളുടെ സംയോജിത സഹകരണം യുകെ ഗവൺമെന്‍റിനു വാഗ്ദാനം ചെയ്തു.

ആസ്റ്റൺ മാർട്ടിൻ റെഡ് ബുൾ റേസിംഗ്, ബിഡബ്ല്യുടി റേസിംഗ് പോയിന്‍റ് എഫ് വൺ ടീം, ഹാസ് എഫ് വൺ ടീം, മക്ലാരൻ എഫ് വൺ ടീം, മെഴ്സിഡസ്-എഎംജി പെട്രോനാസ് എഫ് വൺ ടീം, റിനോ ഡിപി വേൾഡ് എഫ് വൺ ടീം, റോക്കിറ്റ് വില്യംസ് റേസിംഗ് എന്നീ ടീമുകളാണ് സംയുക്ത സംരംഭത്തിൽ ആരോഗ്യമേഖലക്കു കരുത്തേകുക.

യുകെ സർക്കാർ പുറപ്പെടുവിച്ച ആഹ്വാനത്തെത്തുടർന്നു ഫോർമുല വൺ ടീമുകൾ 'പ്രോജക്റ്റ് പിറ്റ്‌ലെയ്നിൽ ' മൂന്ന് വർക്ക് സ്ട്രീമുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാവും. 'വെന്‍റിലേറ്റർ ചലഞ്ച്' യുകെ കൺസോർഷ്യത്തിന്‍റെ ഭാഗമായി നിലവിലുള്ള വെന്‍റിലേറ്റർ ഡിസൈനുകളെ ലഘൂകരിക്കുവാനും സർട്ടിഫിക്കേഷനും തുടർന്നുള്ള ഉൽ‌പാദനത്തിനുമായി, റിവേഴ്സ് എൻജിനീയറിംഗ് നിലവിലുള്ള സാങ്കേതിക മെഡിക്കൽ ഉപകരണങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു പുതിയ ഉപകരണത്തിന്‍റെ നിർമാണമാണ് രൂപകൽപ്പന ചെയ്യുക.

'പ്രോജക്റ്റ് പിറ്റ്‌ലെയ്ൻ' അതിന്‍റെ അംഗ ടീമുകളുടെ റിസോഴ്സുകളും വൈദഗ്ധ്യവും ഏറ്റവും മികച്ച രീതിയിൽ സജ്ജമാക്കി എഫ് വൺ എൻജിനിയറിംഗ് വിദഗ്ധമായ മേൽനോട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാവും ഉത്പാദനം നടത്തുക. ദ്രുത രൂപകൽപ്പന, പ്രോട്ടോടൈപ്പ് നിർമാണം, ടെസ്റ്റ്, അസംബ്ലി, എൻജിനീയറിംഗ് തുടങ്ങിയ വിവിധ ഘട്ടങ്ങളിൽ പെട്ടെന്നുള്ള പരിഹാരം കാണുവാനുള്ള എഫ് വണ്ണിന്‍റെ അതുല്യമായ സാങ്കേതിക വൈദഗ്ദ്യം സമാനമായി ഉൽപ്പാദനം നടത്തുവാൻ പോകുന്ന ഇതര എൻജിനീയറിംഗ് വ്യവസായ മേഖലകൾക്കും സഹായകം ആകുമെന്നാണ് കരുതുന്നത്.

പ്രോജക്റ്റ് പിറ്റ്‌ലെയ്നിന്‍റെ ശ്രദ്ധ ഇപ്പോൾ കൊറോണവൈറസ് ഉയർത്തുന്ന വ്യക്തമായ വെല്ലുവിളികളെ മറികടക്കുവാനുള്ള പരിഹാരം കണ്ടെത്തുന്നതിനാവും. COVID-19 പാൻഡെമിക് ഉയർത്തുന്ന സങ്കീർണമായ വെല്ലുവിളികൾക്ക് ദ്രുതവും നൂതനവുമായ സാങ്കേതിക വിദ്യ ആരോഗ്യ മേഖലയിൽ ആവശ്യമുള്ള ഇതര ഉപകരണങ്ങൾക്കുള്ള ഉൽപ്പാദനത്തിലും ശ്രദ്ധ ചെലുത്തും. എഫ് വൺ ടീമുകൾ സംയുക്തമായി കൈകോർത്തത് ഏറെ പ്രതീക്ഷയാണ് യു കെ യുടെ ആരോഗ്യ രംഗത്തിനു നൽകുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ യുകെ ആസ്ഥാനമായുള്ള ഏഴ് ഫോർമുല വൺ ടീമുകളുടെ കൂട്ടായ്‌മ വെന്‍റിലേറ്റർ രൂപകൽപ്പനചെയ്യുന്നതിലും ഉൽപ്പാദനം ഏകോപിപ്പിക്കുന്നതിലും കാര്യമായ പുരോഗതി കൈവരിച്ചു കഴിഞ്ഞതായി എഫ് വൺ സിഇഒ ചേസ് കാരി പ്രസ്താവിച്ചു.

COVID-19 രോഗികളുടെ ചികിത്സക്കായി മെഡിക്കൽ ഉപകരണങ്ങളുടെ നിർമാണം ത്വരിത ഗതിയിൽ നടത്താൻ കഴിയുമെന്നും NHS ന്‍റെ മൊത്തം ആവശ്യകതയുടെ പകുതിയോളം കൈവരിക്കുവാൻ ഈ സംരംഭത്തിലൂടെ കഴിയുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ