ഫ്രാന്‍സില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
Monday, March 23, 2020 8:46 PM IST
പാരീസ്: കൊറോണ വൈറസ് ബാധ കാരണം ഞായറാഴ്ച മാത്രം 112 പേര്‍ മരിച്ചതോടെ ഫ്രാന്‍സില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 674 പേര്‍ ഇതിനകം രാജ്യത്ത് രോഗബാധ കാരണം മരിച്ചുകഴിഞ്ഞു.

പതിനാറായിരത്തിലധികം (16,689) പേര്‍ക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ദിവസം നാലായിരം ടെസ്റ്റുകള്‍ നടത്തുന്നുണ്ട്. എന്നാല്‍, രോഗലക്ഷണങ്ങളില്ലാത്തവരെല്ലാം രോഗമില്ലാത്തവരല്ലെന്നും യഥാര്‍ഥ രോഗികളുടെ എണ്ണം കണ്ടെത്തിയതിലും വളരെ കൂടുതലായിരിക്കുമെന്നും ആരോഗ്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്.

ഏകദേശം 7500 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇതില്‍ രണ്ടായിരത്തോളം പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. ആകെ രോഗബാധിതരില്‍ മുപ്പത്തഞ്ചു ശതമാനം അറുപത്തഞ്ചു വയസിനു താഴെയുള്ളവരാണ്.2000 പേര്‍ സുഖം പ്രാപിച്ചുകഴിഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഫ്രാന്‍സ് ലോക്ക്ഡൗണിലാണ്. അവശ്യ സര്‍വീസുകള്‍ക്കു മാത്രമാണ് ഇളവുള്ളത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ